മസ്കത്ത്: ഒമാനിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ വൻ കുതിച്ച് ചാട്ടം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 300 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം 550 എണ്ണം മാത്രമുണ്ടായിരുന്നത് 2024ൽ 1,500 ആയി ഉയർന്നുവെന്ന് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി എൻജിനിയർ ഖമീസ് ബിൻ മുഹമ്മദ് അൽ ഷമാഖി പറഞ്ഞു. ഒമാനിലെ സുസ്ഥിര വികസന അജണ്ടയിൽ ഗ്രീൻ മൊബിലിറ്റിക്ക് വളരെ അധികം പ്രധാന്യം നൽകിയിട്ടുണ്ടെന്ന് ഖമീസ് ബിൻ മുഹമ്മദ് അൽ ഷമാഖി പറഞ്ഞു.
കാർബൺ ബഹിർഗമനം കുറക്കാൻ 2050ലെ ഗ്രീൻ മൊബിലിറ്റിയുടെ ഭാവി കാഴ്ചപ്പാട് കൈവരിക്കുന്നതിന് സർക്കാർ കഴിഞ്ഞ വർഷങ്ങളിൽ സുപ്രധാന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇലക്ട്രോണിക് വാഹനങ്ങൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി മന്ത്രാലയം, സ്വകാര്യ മേഖലയുമായി സഹകരിച്ച് കഴിഞ്ഞ വർഷം 120 ലധികം ചാർജിങ് പോയിന്റുകൾ സ്ഥാപിച്ചു. ഈ വർഷാവസാനത്തോടെ പോയിന്റുകളുടെ എണ്ണം 200ലധികം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2027ഓടെ വിവിധ ഗവർണറേറ്റുകളിലായി 350ലധികം ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുറമുഖ ഉപകരണങ്ങൾ വൈദ്യുതോർജത്തിൽ പ്രവർത്തിക്കുന്ന തരത്തിൽ പരിവർത്തനം ചെയ്യുന്നതിനും വിമാനത്താവളങ്ങളെ പരിസ്ഥിതി സൗഹൃദമാക്കി മാറ്റുന്നതിനും മന്ത്രാലയം ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മലിനീകരണം കുറക്കുന്നതിനുള്ള നേരിട്ടുള്ള മാർഗമെന്ന നിലയിൽ ഡാറ്റാ സെന്ററുകളിലും കമ്മ്യൂനിക്കേഷൻസ് ടവറുകളിലും മലിനീകരണം കുറക്കാൻ മന്ത്രാലയം ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രീൻ മൊബിലിറ്റി മേഖലയിൽ നിരവധി പ്രാദേശിക സംരംഭങ്ങൾ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം നടപ്പാക്കിയിട്ടുണ്ട്. കാർബൺ പുറന്തള്ളൽ കുറക്കാൻ ലക്ഷ്യമിട്ട് ദിബ്ബ-ലിമ-ഖസബ് റോഡ് പദ്ധതി ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ചാണ് നടപ്പാക്കുന്നത്. മിഡിലീസ്റ്റിൽ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ നീക്കമാണിത്. ഭക്ഷണ വിതരണത്തിൽ ഇലക്ട്രിക് സൈക്കിളുകൾ സജീവമാക്കുന്നതിനുള്ള ഒരു പൈലറ്റ് പ്രോജക്റ്റിന് പുറമേ, ഗ്രീൻ ഹൈഡ്രജൻ ഊർജത്തിൽ പ്രവർത്തിക്കുന്ന ട്രക്കുകൾക്കായി ഗ്രീൻ കോറിഡോർ പ്രോജക്ടും ആരംഭിച്ചു.
മേഖലയിൽ വൈദ്യുത, ഹൈബ്രിഡ് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഗ്രീൻ മൊബിലിറ്റി വർധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനായി ഒമാനിലെയും ജി.സി.സി രാജ്യങ്ങളിലെയും പ്രതിനിധികളെയും വിദഗ്ധരെയും പങ്കെടുപ്പിച്ച് ശിൽപശാലകളും സംഭാഷണ സെഷനുകളും പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നുണ്ട്.
അതേസമയം, ഇലക്ട്രിക് വാഹനങ്ങളുടെ (ഇ.വി) ഉപയോഗം വർധിപ്പിക്കുന്നതിന് നിരവധി ആനുകൂല്യങ്ങളാണ് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. കസ്റ്റംസ് നികുതിയിൽ നിന്ന് 100 ശതമാനം ഇളവ്, റോയൽ ഒമാൻ പൊലീസിൽ (ആർ.ഒ.പി) ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസിൽ നിന്ന് ഒഴിവാക്കൽ, വാഹനങ്ങൾക്കും സ്പെയർ പാർട്സും പൂജ്യം ശതമാനം മൂല്യവർധിത നികുതി എന്നിവയാണ് സർക്കാർ വാഗ്ദാനം ചെയ്യുന്ന ചില ആനുകൂല്യങ്ങൾ.
വാഹനങ്ങൾ ചാർജ് ചെയ്യുന്ന പ്രക്രിയ സുഗമമാക്കുന്നതിനും അവയുടെ യാത്രാ പരിധിയെക്കുറിച്ചുള്ള ആശങ്കകൾ ലഘൂകരിക്കുന്നതിനുമായി നിരവധി നഗരങ്ങളിലും പൊതു സ്ഥലങ്ങളിലും ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകളുടെ വിപുലമായ ശൃംഖലയും വികസിപ്പിച്ചെടുത്തിട്ടുണ്ട്. താരതമ്യേനെ കുറഞ്ഞ അറ്റകുറ്റപ്പണിയേ ഇലക്ട്രിക് വാഹനങ്ങൾക്ക് വരികയുള്ളൂ. ഇത് ഉടമകൾക്ക് നേട്ടമാണ്. 2050ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് ഒമാൻ.
ഇതിന്റെ ഭാഗമായാണ് ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് ജനങ്ങളെ ആകർഷിപ്പിക്കുന്നത്. ഗതാഗത മേഖലയിൽ നിന്നുള്ള മലിനീകരണം കുറക്കാൻ ഒമാൻ വിവിധ വകുപ്പുകളുമായി ചേർന്ന് യോജിച്ച പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സുൽത്താനേറ്റിലെ മൊത്തം ഹരിതഗൃഹ വാതക ഉദ്വമനത്തിന്റെ 18 ശതമാനമാനവവും ഗതാഗത മേഖിലയിൽനിന്നുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.