മസ്കത്ത്: 38 വർഷത്തെ ഒമാനിലെ പ്രവാസ ജീവിതം മതിയാക്കി തൃശൂർ തൃപ്രയാർ സ്വദേശി മനാഫ് സ്നേഹത്തണലിലലിഞ്ഞു. 1983ലാണ് ജോലി തേടി ഇദ്ദേഹം ഒമാനിലേക്ക് വരുന്നത്. മുംബൈ വഴിയായിരുന്നു യാത്ര. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞതിനാൽ വിദേശത്തേക്ക് പോകാൻ പറ്റില്ലെന്നായിരുന്നു മെഡിക്കൽ പരിശോധന കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞത്. എന്തു വന്നാലും ഞാൻ മാത്രമായിരിക്കും ഉത്തരവാദി എന്നും പോകാൻ അനുവദിക്കണമെന്നും അപേക്ഷിച്ചതുകൊണ്ട് ഡോക്ടർ അനുമതി നൽകുകയായിരുന്നുവെന്ന് മനാഫ് പറഞ്ഞു.
നോമ്പ് കാലത്തായിരുന്നു ഒമാനിൽ വിമാനമിറങ്ങുന്നത്. തുടക്കത്തിൽ ഒ.ഐ.ജി കമ്പനിയിലായിരുന്നു ജോലി. 10 വർഷം അവിടെ തുടർന്നു. പിന്നീട് ഒമാനി വുമൺസ് അസോസിയേഷൻ എന്ന സ്ഥാപനത്തിൽ 28 വർഷം സേവനം അനുഷ്ഠിച്ചു. തുടക്കത്തിൽ പരിമിതമായ ശമ്പളമേ ഉണ്ടായിരുന്നുള്ളു. കുറഞ്ഞ വരുമാനത്തിൽ തന്നെ കുടുംബത്തെയും ഇവിടെ എത്തിച്ചു. മക്കളുടെ വിദ്യാഭ്യാസം, നാട്ടിൽ വീടും സ്ഥലവും ഒരുക്കൽ, സഹോദരങ്ങളെ ഒമാനിലേക്ക് കൊണ്ടുവരൽ തുടങ്ങിയവയെല്ലാം നല്ല രീതിയിൽ പ്രവാസ ജീവിതംകൊണ്ട് ചെയ്ത് തീർക്കാനായെന്ന് മനാഫ് പറയുന്നു.
അതുകൊണ്ടുതന്നെ 38 വർഷത്തെ പ്രവാസ ജീവിതം ഓർക്കുമ്പോൾ തികഞ്ഞ സംതൃപ്തിയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. തൃശൂർ ജില്ല എസ്.കെ.എസ്.എസ്.എഫ് , എസ്.വൈ.എസ് ഒമാൻ കമ്മിറ്റിയും അൽ ഖുവൈർ കെ.എം.സി.സിയും മനാഫിന് സ്നേഹോപഹാരവും യാത്രയയപ്പും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.