മസ്കത്ത്: രാജ്യത്ത് ഈ വർഷം മേയ് അവസാനംവരെ 463 വിദേശ നിക്ഷേപകർക്ക് ദീർഘകാല റസിഡൻസി കാർഡുകൾ നൽകിയതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. സുൽത്താനേറ്റിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയത്. മലയാളികളടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആളുകളാണ് ഇതിനകം ദീർഘകാല റസിഡൻസി കാർഡുകൾ സ്വീകരിച്ചിരിക്കുന്നത്. ദീർഘകാല താമസാനുമതി ലഭിക്കാൻ കഴിഞ്ഞ ഒക്ടോബർ മൂന്ന് മുതൽ മന്ത്രാലയത്തിന്റെ പോർട്ടൽ വഴി അപേക്ഷ സ്വീകരിച്ച് തുടങ്ങിയിരുന്നു. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ വളർച്ചക്ക് സഹായകരമാകുന്ന രീതിയിൽ നിക്ഷേപങ്ങൾ വർധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, തദ്ദേശ ഉൽപന്നങ്ങൾക്ക് കൂടുതൽ സാധ്യത നൽകുക, ഒമാന്റെ സാമ്പത്തിക ഘടനയെ ശക്തിപ്പെടുത്തുക, നിക്ഷേപത്തിൽ ഗുണപരത ഉറപ്പുവരുത്തുക തുടങ്ങിയവയിലൂടെ നിർണായക നീക്കങ്ങൾ നടത്തുന്ന പ്രമുഖ നിക്ഷേപകരെയാണ് ഇങ്ങനെ ദീർഘകാല താമസാനുമതിക്ക് പരിഗണിക്കുക.
യു.എ.ഇയിലെ ഗോൾഡൻ വിസ പദ്ധതിക്ക് സമാനമായാണ് ദീർഘകാല വിസ പദ്ധതിക്ക് തുടക്കമിട്ടത്.
അഞ്ച്, പത്ത് വർഷ കാലയളവിലേക്കാണ് ദീർഘകാല റസിഡൻസി കാർഡുകൾ നൽകുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.