മസ്കത്ത്: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലായി പുതുതായി 76 സ്കൂളുകൾകൂടി സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റിവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് അണ്ടർ സെക്രട്ടറി മാജിദ് ബിൻ സെയ്ദ് അൽ ബഹ്രി പറഞ്ഞു. കഴിഞ്ഞയാഴ്ച സുഹാറിലെ ബൈത്ത് ബഹ്ജത്ത് അൽ അന്ധറിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് ശൈഖുമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലെ നിർദേശങ്ങൾക്ക് അനുസൃതമായാണ് വിദ്യാഭ്യാസ മന്ത്രാലയം സ്കൂൾ പദ്ധതികളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്.
വിദ്യാർഥികളുടെ സാന്ദ്രത അനുസരിച്ച് ഓരോ ഗവർണറേറ്റിലേയും വിദ്യാലയങ്ങളുടെ എണ്ണത്തിൽ വ്യത്യാസമുണ്ടായിരിക്കും. ഏറ്റവും കൂടുതൽ സ്കൂളുകൾ ഉണ്ടാകുക മസ്കത്ത് ഗവർണറേറ്റിലായിരിക്കും. ഇവിടെ പുതുതായി 19 സ്കൂളുകളാണ് സ്ഥാപിക്കുക. 17 എണ്ണവുമായി വടക്കൻ ബാത്തിന ഗവർണറേറ്റാണ് രണ്ടാം സ്ഥാനത്തുള്ളത്. തെക്കൻ ബാത്തിന 11, തെക്കൻ ശർഖിയ, ദോഫാർ ഒമ്പത് വീതം, ദാഖിലയ അഞ്ച്, ബുറൈമി രണ്ട്, ദാഹിറ ഒന്ന്, മുസന്ദം രണ്ട്, വടക്കൻ ശർഖിയ ഒന്ന് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിൽ പുതുതായി വരുന്ന സ്കൂളുകളുടെ നില. പുതിയ സ്കൂളുകൾ ക്ലാസ് മുറികളിലെ വിദ്യാർഥികളുടെ സാന്ദ്രതയും സായാഹ്ന സ്കൂളുകളുടെ എണ്ണവും കുറക്കാൻ സഹായകമാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് അണ്ടർ സെക്രട്ടറി മാജിദ് ബിൻ സെയ്ദ് അൽ ബഹ്രി പറഞ്ഞു.
പത്താം പഞ്ചവത്സര വികസന പദ്ധതിയിൽ (2021-2025) വിദ്യാർഥികളുടെ എണ്ണം 1,56,000 ആകുമെന്ന് കണക്കാക്കിയതായി പ്ലാനിങ് ആൻഡ് സ്ട്രാറ്റജിക് ഡെവലപ്മെന്റ് ഡയറക്ടർ ജനറൽ സുലൈമാൻ ബിൻ സാഹിർ അൽ റുവൈഷ്ദി പറഞ്ഞു. നിലവിലെ വികസന പദ്ധതിയിൽ 30 ശതമാനം പുതിയ വിദ്യാർഥികളെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ 300 സ്കൂളുകൾ വികസിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം പദ്ധതിയിട്ടിട്ടുണ്ട്. കൂടാതെ, 10ാം പഞ്ചവത്സര വികസന പദ്ധതിയുടെ ഭാഗമായി, ഒമാനിലുടനീളം 251 പുതിയ സംയോജിത സ്കൂളുകളുടെ നിർമാണം മന്ത്രാലയം വിഭാവനം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.