മസ്കത്ത്: തുടർച്ചയായ 27 മണിക്കൂറിലെ ദുരിതപർവം താണ്ടി എയർ ഇന്ത്യ എക്സ്പ്രസിലെ കണ്ണൂരിലേക്കുള്ള യാത്രക്കാർ തിങ്കളാഴ്ച നാടണഞ്ഞു. ശനിയാഴ്ച രാത്രി 10ന് മസ്കത്തിൽനിന്ന് പുറപ്പെടേണ്ട വിമാനമാണ് ഒരു ദിവസം വൈകി തിങ്കളാഴ്ച പുലർച്ചെ ഒന്നോടെ യാത്ര തുടർന്നത്. വിമാനം വൈകിയത് സ്ത്രീകളെയും കുട്ടികളെയും മരണമടക്കം മറ്റ് അടിയന്തര ആവശ്യമുള്ള യാത്രക്കാരെയും ദുരിതത്തിലാക്കി.
അധികൃതരിൽനിന്ന് കൃത്യമായ വിവരം ലഭിക്കാത്തതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഒടുവിൽ ഞായറാഴ്ച രാത്രി 11ഓടെ എയർ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥൻ യാത്രാസംഘത്തിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ഇതോടെയാണ് യാത്ര തുടരാനുള്ള വഴിതെളിഞ്ഞത്.
ഹോട്ടലുകളിൽ കഴിഞ്ഞിരുന്ന യാത്രക്കാരെ രണ്ടു ബസുകളിലാണ് എയർപോർട്ടിൽ എത്തിച്ചത്. സാങ്കേതിക തകരാറാണ് വിമാനം വൈകിയതിന് കാരണമെന്നാണ് എയർ ഇന്ത്യ അധികൃതരുടെ വിശദീകരണം.
ശനിയാഴ്ച ബോർഡിങ് പാസ് നൽകി ലഗേജ് കയറ്റിവിട്ട് യാത്ര ഗേറ്റിന് മുന്നിൽ ഇരിക്കുമ്പോഴാണ് വിമാനം മൂന്ന് മണിക്കൂർ വൈകി പുലർച്ചെ ഒരുമണിക്കേ പുറപ്പെടൂ എന്ന് യാത്രക്കാർക്ക് അറിയിപ്പ് നൽകിയത്. വിമാനം വീണ്ടും വൈകുമെന്ന് അറിയിപ്പ് വന്നതോടെ യാത്രക്കാരെ സമീപത്തെ ഹോട്ടലുകളിലേക്ക് മാറ്റി. ഇവിടെ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിരുന്നു. എന്നാൽ, ലഗേജ് കയറ്റിവിട്ടതിനാൽ പലർക്കും മാറ്റിയുടുക്കാൻ വസ്ത്രങ്ങൾ ഇല്ലായിരുന്നു. ഇത് പലരേയും പ്രയാസത്തിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.