ജീവൻ തുടിക്കുന്ന വരകളുമായി ദാർസൈത്ത് ഇന്ത്യൻ സ്കൂളിലെ 11ാം ക്ലാസ് വിദ്യാർഥി അമൽ കൃഷ്ണ ശ്രദ്ധേയനാകുന്നു. 70 മണിക്കൂറിലേറെ ചെലവഴിച്ച് അമൽ വരച്ച 'ഹൈസിൻത് മക്കാവ്' എന്ന പക്ഷിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. പെൻസിൽ ഡ്രോയിങ്ങിൽ തീർത്ത ഈ ചിത്രം കണ്ട് പലരും അത്ഭുതപ്പെടുകയുണ്ടായി.
ചെറുപ്പത്തിൽ കുറച്ചുകാലം ഡ്രോയിങ് പഠിച്ചെതാഴിച്ചാൽ കാര്യമായ പരിശീലനം ഒന്നുംതന്നെ ചിത്രരചനയിൽ ലഭിച്ചിട്ടില്ല. എന്നാൽ, ചെറുപ്പം മുതൽക്കുതന്നെ ചുറ്റുപാടുകളെ നിരീക്ഷിക്കുന്ന സ്വഭാവം ഉണ്ടായിരുന്നുവെന്ന് പിതാവ് ഉണ്ണികൃഷ്‌ണൻ പറയുന്നു. ആദ്യമാദ്യം വരച്ചുതുടങ്ങിയത് വീട്ടുകാരുടെ പോർട്രേറ്റായിരുന്നു. അപ്പൂപ്പൻ, അമ്മൂമ്മ അങ്ങനെ വീട്ടിലെ അടുത്ത ബന്ധുക്കൾ ഇവരുടെയൊക്കെ ചിത്രങ്ങൾ പെൻസിൽ ഷെയ്ഡിങ് ഉപയോഗിച്ച് വരച്ചു. അതിൽനിന്നും കിട്ടിയ പ്രോത്സാഹനം കൂടുതൽ വരക്കാൻ പ്രേരണയായി.
ഒമാെൻറ മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിെൻറ ചിത്രവും ഏറെ അഭിപ്രായം പിടിച്ചുപറ്റിയതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ എന്നിവരെയൊക്കെ വരച്ചു. പക്ഷികളുടെ ചിത്രങ്ങൾ വരക്കുന്നതിൽ അമൽ പ്രത്യേക വാസന തന്നെ പ്രദർശിപ്പിക്കുന്നുണ്ട്.
നാഷനൽ ജ്യോഗ്രഫിക് ചാനലിൽ 'ഹൈസിൻത് മക്കാവ്' എന്ന പക്ഷിയെ കണ്ടതോടെ അതിനെക്കുറിച്ചുള്ള വിവരങ്ങൾ ഗൂഗിളിൽനിന്നു ശേഖരിച്ചാണ് വരക്കാൻ തുടങ്ങിയത്. പേസ്റ്റൽ പെൻസിൽ ഉപയോഗിച്ച് 70 മണിക്കൂറിലേറെ ചെലവിട്ടാണ് ചിത്രം പൂർത്തിയാക്കിയത്. പലരും ഈ ചിത്രത്തിെൻറ മനോഹാരിത കണ്ട് അഭിനന്ദിച്ചിട്ടുണ്ട്. പുറമെ ഒട്ടനവധി കുരുവികളുടെയും യൂറോപ്യൻ റോബിൻ എന്ന മറ്റു പക്ഷികളുടെയും ചിത്രങ്ങൾ വരച്ചിട്ടുണ്ട്.
ഇപ്പോൾ സയൻസ് ഗ്രൂപ് എടുത്തു പഠിക്കുന്ന അമലിന് പ്ലസ് ടുവിനുശേഷം ബി ആർക്കോ ഫൈൻ ആർട്സോ എടുക്കാനാണ് താൽപര്യം. താൻ വരച്ച മുഖ്യമന്ത്രി പിണറായി വിജയെൻറയും വിരാട് കോഹ്ലിയുടെയുമെല്ലാം ചിത്രങ്ങൾ അവർക്കു നൽകണമെന്നതും അമലിെൻറ ആഗ്രഹമാണ്. അതോടൊപ്പം തെൻറ ചിത്രങ്ങളുടെ എക്സിബിഷൻ സംഘടിപ്പിക്കാനും ആലോചനയുണ്ട്. മുമ്പ് സ്‌കൂളിലും എല്ലാം ചില ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
നിരവധി പുരസ്‌കാരങ്ങൾ അമൽ നേടിയിട്ടുണ്ട്. ചാർക്കോൾ, പേസ്റ്റൽ പെൻസിൽ എന്നിവ ഉപയോഗിച്ചാണ് വരകൾ.മലപ്പുറം എടപ്പാൾ സ്വദേശിയാണ് പിതാവ് ഉണ്ണികൃഷ്‌ണൻ. ഷൈത്രിയാണ് അമ്മ. ശ്യാം കൃഷ്ണ അനുജനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.