സ​ലാ​ല​യി​ലു​ള്ള അ​റേ​ബ്യ​ൻ പ്രോ​സ്‌​തെ​റ്റി​ക്‌​സ് സെ​ന്റ​റി​നു​ മു​ന്നി​ൽ യ​മ​നി​ക​ൾ

ഒമാന്‍റെ കൈത്താങ്ങ് ജീവിതനിറങ്ങളിലേക്ക് തിരിച്ചുനടന്ന് 50 യമനികൾ കൂടി

മസ്കത്ത്: യമനിലെ സംഘർഷത്തിൽ അംഗവൈകല്യവും മറ്റും സംഭവിച്ചവർക്കുള്ള ഒമാന്‍റെ കരുതൽ തുടരുന്നു. കൃത്രിമ കൈകാലുകൾ നൽകി ഇതിനകം 900ത്തോളം പേരെയാണ് ജീവിതത്തിലേക്ക് കൊണ്ടുവന്നത്. സലാലയിലുള്ള കൃത്രിമ കൈകാലുകൾ നിർമിച്ചുനൽകുന്ന അറേബ്യൻ പ്രോസ്‌തെറ്റിക്‌സ് സെന്റർ (എ.പി.സി) വഴിയാണ് ജീവിതത്തിന്‍റെ പുതിയ നിറങ്ങളിലേക്ക് ഇവരെ തിരിച്ചുനടക്കാൻ സഹായിക്കുന്നത്.

സെന്‍ററിൽ യമനിൽനിന്നുള്ള 15ാമത് ബാച്ചിന്‍റെ പുനരധിവാസം പൂർത്തിയായി. അംഗവൈകല്യം സംഭവിച്ച 50 പേരായിരുന്നു ക്യാമ്പിൽ പങ്കെടുത്തിരുന്നത്. യമനിലെ സന, ഇബ്ബ്, മആരിബ് എന്നിവിടങ്ങളിൽനിന്ന് പരിക്കേറ്റ അമ്പത് ആളുകളാണ് ഒമാനിലെ കേന്ദ്രത്തിൽ ചികിത്സയും പുനരധിവാസ പരിപാടിയും വിജയകരമായി പൂർത്തിയാക്കിയതെന്ന് എ.പി.സി പറഞ്ഞു. യമൻ യുദ്ധത്തിലെ മാനുഷിക ശ്രമങ്ങൾക്കും അയൽക്കാരുമായുള്ള സാഹോദര്യ ബന്ധത്തിനും സുൽത്താനേറ്റിന് എ.പി.സി മാനേജ്‌മെന്റ് നന്ദി പറഞ്ഞു. കൃത്രിമക്കാല് ലഭിച്ചതോടെ തനിക്ക് പ്രതീക്ഷകൾ തിരികെ കിട്ടിയെന്നും ദൈനംദിനജോലികൾ സുഖകരമായി ചെയ്യാൻ കഴിയുമെന്നും നിലവിൽ മആരിബിൽ താമസിക്കുന്ന സനയിൽ നിന്നുള്ള അബ്ദുൽ കരീം നൗഫൽ പറഞ്ഞു.

കുഴിബോംബ് സ്‌ഫോടനത്തിലാണ് ഇദ്ദേഹത്തിന്‍റെ ഇടത് കാലിന്റെ കീഴ്‌ഭാഗം നഷ്ടപ്പെടുന്നത്. ഏറെ കഷ്ടപ്പാടുകൾക്കുശേഷമാണ് ഇപ്പോൾ ആശ്വാസം ലഭിച്ചത്. തനിക്കും മറ്റുള്ളവർക്കും എ.പി.സി നൽകുന്ന മാനുഷിക സേവനങ്ങൾക്ക് നന്ദി പറയുകയാണെന്ന് നൗഫൽ പറഞ്ഞു. നാലു വർഷം മുമ്പുണ്ടായ സംഘർഷത്തിലാണ് രണ്ട് കാലുകൾക്കും പരിക്കേൽക്കുന്നത്, അതിലൊന്ന് മുറിച്ചു മാറ്റേണ്ടിവന്നതായി മആരിബിൽ നിന്നുള്ള ഹസൻ അൽ ഹുവൈസ്‌ക് പറഞ്ഞു. എന്നാൽ, പുതിയതായി ലഭിച്ച കൃത്രിമ അവയവംകൊണ്ട് നടക്കാനും ഓടാനും സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യമനിൽ എട്ടുവർഷമായി തുടരുന്ന ആഭ്യന്തര സംഘർഷത്തിൽ ഇതുവരെ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെടുകയും വികലാംഗരാകുകയും ചെയ്തിട്ടുള്ളത്. 

Tags:    
News Summary - Another 50 Yemenis returned to Oman's vibrant lifestyle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.