മസ്കത്ത്: മലയാള നാടകശാഖയിലെ അതുല്യ കലാകാരന് എൻ.ബി.ടിയുടെ സ്മരണാർഥം എൻ.ബി.ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പ്രവാസി നാടക പ്രതിഭ സംസ്ഥാന അവാർഡ് തിയേറ്റർ ഗ്രൂപ് മസ്കത്തിന്റെ അമരക്കാരൻ അൻസാർ ഇബ്രാഹിം ആർട്ടിസ്റ്റ് കലാരത്ന സുജാതൻ മാസ്റ്ററിൽനിന്ന് ഏറ്റുവാങ്ങി.
കേരള സംഗീത അക്കാദമിക്ക് കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ് എൻ.ബി.ടി ഫൗണ്ടേഷൻ. കൊല്ലം ചവറയിൽ നടന്ന പരിപാടി സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സംഗീത സംവിധായകൻ ആലപ്പി ഋഷികേശ്, സുദർശനൻ വർണം, നാടക സംവിധായകനും നടനുമായ വക്കം ഷക്കീർ, കാഥികൻ വസന്തകുമാർ സാംബശിവൻ, ഗ്രന്ഥശാല പ്രസ്ഥാനം ആലപ്പുഴ ജില്ല പ്രസിഡന്റ് അലിയാർ പുന്നപ്ര തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
തിയറ്റർ ഗ്രൂപ് മസ്കത്ത് ഇതിനോടകം ഏഴു നാടകങ്ങൾ അരങ്ങിൽ അവതരിപ്പിച്ചു. എട്ടാമത്തെ നാടകമായ ‘ഏഴു രാത്രികൾ’ അടുത്തവർഷം മേയ് മാസത്തിൽ അരങ്ങിലെത്തും.
മലയാള നാടകവേദിയിലെ കുലപതിയായ ത്രിവിക്രമൻ പിള്ളയുടെ പേരിലേർപ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് അർഹനായതിൽ ഏറെ അഭിമാനമുണ്ടെന്നും അതിനായി കൂടെനിന്ന് പ്രവർത്തിച്ച മസ്കത്തിലെ എല്ലാ നാടകപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും അതോടൊപ്പം കൂടുതൽ അർപ്പണബോധത്തോടെ മുന്നോട്ട് പോകാൻ ഊർജവും നൽകുമെന്ന് അൻസാർ ഇബ്രാഹിം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.