മസ്കത്ത്: സിറിയൻ തലസ്ഥാനമായ ഡമസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഒമാൻ അപലപിച്ചു. ഇത് സിറിയയുടെ പരമാധികാരത്തിന്റെയും എല്ലാ അന്താരാഷ്ട്ര നയതന്ത്ര നിയമങ്ങളുടെയും ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നയതന്ത്ര, കോൺസുലാർ ദൗത്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കണം. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുകയാണെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കോൺസുലേറ്റിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഇറാൻ റെവലൂഷനറി ഗാർഡിലെ ഉന്നത ഉദ്യോഗസ്ഥൻ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് റേസ സഹദിയും മറ്റൊരു ഉന്നത ഉദ്യോഗസ്ഥൻ മുഹമ്മദ് ഹാജി റഹീമിയും മറ്റു അഞ്ച് അംഗങ്ങളും ഉൾപ്പെടും. കൊല്ലപ്പെട്ടവരെല്ലാം സൈനികരാണ്. ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്നും എംബസി സമുച്ചയത്തിലെ കോൺസുലേറ്റ് ബിൽഡിങ്ങിന് നേരെ എഫ് ഫൈറ്റർ ജെറ്റ് ഉപയോഗിച്ച് ആറ് മിസൈലുകളാണ് തൊടുത്തതെന്നും സിറിയയിലെ ഇറാൻ അംബാസഡർ ഹുസൈൻ അക്ബരി അറിയിച്ചു. അതേസമയം, ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഇസ്രായേൽ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.