മസ്കത്ത്: ചൂട് കനത്തതോടെ ദാഹജലം തേടി ജന്തുക്കളും പക്ഷികളും. ഒമാനിൽ കടുത്ത ചൂടാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്നത്. പല ഇടങ്ങളിലും 50 ഡിഗ്രി സെൾഷ്യസിന് അടുത്തെത്തിയിരിക്കുന്നു. ശനിയാഴ്ചയും കടുത്ത ചൂട് അനുഭവപ്പെട്ടിരുന്നു. രാത്രിയും പകലും ചൂട് കനത്തു തുടങ്ങിയതോടെ പക്ഷികളും ജന്തുക്കളും കടുത്ത പ്രതിസന്ധിയിലാണ്. ഇവയിൽ പലതും കടുത്ത ചൂട് സഹിക്കാനാവാതെവന്നപ്പോൾ തണലിടങ്ങൾ തേടി പോവുകയാണ്. റൂവിയിലെ പഴയ എയർപോർട്ട് വാദിയിലെ ചെറിയ ഉറവകളുള്ള ഇടങ്ങൾ പക്ഷികൾ കൂട്ടംചേർന്ന് നിൽക്കുന്നത് കാണാവുന്നതാണ്.
ചെറിയ നീരുറവകകൾക്കും വെള്ളക്കെട്ടുകൾക്കു ചുറ്റുമാണ് ഇപ്പോൾ ഇവകളുടെ സങ്കേതം. തണൽ മരങ്ങളിലും മറ്റു തണലുകളും ചുറ്റിപ്പറ്റിയും പറവകൾ പകൽസമയം കഴിച്ചുകൂട്ടുകയാണ്. കടുത്ത ചൂടിൽ ഇരതേടാൻ പോലും കഴിയുന്നില്ല. പകൽ സമയങ്ങളിൽ വീടുകളിലും കടകളിലും കുളിർമയുള്ള മറ്റു സ്ഥലങ്ങളിലുമാണ് കഴിഞ്ഞുകൂടുന്നത്. പക്ഷികൾക്കും മറ്റും ദാഹജലം നൽകുന്ന പ്രകൃതി സ്നേഹികളുമുണ്ട്. ചൂട് കനത്തതോടെ കടൽ തിരങ്ങളിലേക്കും മറ്റും നീങ്ങിയ പറവകളും നിരവധിയാണ്. നഗരങ്ങളിൽ ചുറ്റിക്കറങ്ങി നടക്കുന്ന പട്ടികളും പൂച്ചകളും അപ്രത്യക്ഷമായിട്ടുണ്ട്. റൂവി അടക്കമുള്ള നഗരങ്ങളിലെ മാലിന്യത്തൊട്ടികൾക്ക് സമീപവും മറ്റും സദാ പൂച്ചകളും പട്ടികളുമുണ്ടാവാറുണ്ട്. ചൂട് കനത്തതോടെ ഇവയെ പുറം ഇടങ്ങളിൽ കാണുന്നത് കുറവാണ്. ഇവയിൽ പലതും ഫ്ലാറ്റുകൾക്കുള്ളിൽ കയറിപ്പറ്റുകയാണ്. താമസ ഇടങ്ങളിൽനിന്നുള്ള തണുപ്പാണ് ഇവയുടെ മുഖ്യ ആശ്രയം. അതിനാൽ വാതിൽ പാളികൾക്കും മറ്റും സമീപം വിശ്രമിക്കുന്ന ധാരാളം പൂച്ചകളെ കാണാവുന്നതാണ്. ബിസിനസ് സ്ഥാപനങ്ങളിൽ നിന്നും മറ്റും തണുപ്പ് ലഭിക്കുന്ന ഭാഗങ്ങളിൽ വിശ്രമിക്കുന്ന പൂച്ചകളെയും കാണാം.
മുൻകാലങ്ങളിൽ ഒമാനിൽ കടുത്ത ചൂടാണ് അനുഭവപ്പെട്ടിരുന്നത്. അക്കാലത്ത് അപൂർവമായാണ് മഴ പെയ്തിരുന്നത്. കാക്ക, മൈന, അടക്കാകുരുവികളടക്കമുള്ള പക്ഷികളും കുറവായിരുന്നു. കടുത്ത വേനലിൽ ഇവക്കു പിടിച്ചുനിൽക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഒമാനിൽ വ്യാപകമായി മരങ്ങൾ വെച്ചു പിടിപ്പിക്കാൻ തുടങ്ങിയതോടെ ചൂട് കുറയുകയും ഇടക്കിടെ മഴ ചെയ്യാൻ തുടങ്ങുകയും ചെയ്തു. ഇതോടെ ഇത്തരം പക്ഷികളും വ്യാപകമായി. ഇപ്പോൾ മൈനകളും കാക്കകളും ഒമാന്റെ പ്രകൃതിയെ ബാധിക്കുന്ന രീതിയിൽ പെരുകുകയാണ്. അതിനാൽ ഇവയെ കൊന്നൊടുക്കുന്ന പദ്ധതിയുമായി അധികൃതർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.