മസ്കത്ത്: വിദേശ നിക്ഷേപകർക്കും വിരമിച്ചവർക്കും ലഭിക്കുന്ന 5, 10 വർഷ ദീർഘകാല വിസ പ്രോത്സാഹിപ്പിക്കുന്നതിന് കാമ്പയിനുമായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. മസ്കത്ത്, സലാല അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ വിസയുടെ നേട്ടങ്ങൾ വിശദീകരിക്കുന്ന രീതിയിൽ പ്രമോഷനൽ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.നിരവധി ആകർഷണീയതകൾ ഉള്ളതിനാൽ നിരവധിപേർ നിലവിൽതന്നെ ദീർഘകാല നിക്ഷേപക വിസക്ക് അപേക്ഷിക്കുന്നുണ്ട്.
സംയോജിത ടൂറിസം കോംപ്ലക്സുകൾക്ക് (ഐ.ടി.സി) പുറത്ത് പ്രോപ്പർട്ടി സ്വന്തമാക്കാൻ അവകാശം നിക്ഷേപകന് ഈ വിസ വഴി ലഭിക്കും. താമസ, വാണിജ്യ, വ്യാവസായിക ആവശ്യങ്ങൾക്കെല്ലാം ഇതുപയോഗിക്കുകയും ചെയ്യാം. കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായമോ വ്യക്തമാക്കാതെ താമസിക്കാനുള്ള അവകാശവും റെസിഡൻസി വിസക്കാരന് അനുവദിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിൽ നിക്ഷേപക റെസിഡൻസി കാർഡ് ഹോൾഡർമാർക്കായി പ്രത്യേക കൗണ്ടറും ഒരുക്കിയിട്ടുണ്ട്. ഇതുവഴി കടന്നുപോകാൻ കഴിയുമെന്നതും നേട്ടമാണ്.
ബന്ധുക്കൾക്ക് സന്ദർശക വിസ അനുവദിക്കുകയും ചെയ്യും. അവർക്ക് സാമ്പത്തിക പ്രവർത്തനങ്ങൾ നടത്താനോ സുൽത്താനേറ്റിൽ ജോലി ചെയ്യാനോ കഴിയും. സ്വകാര്യ തൊഴിൽ വിസ നേടുന്നതിന് സ്പോൺസർ ആവശ്യമില്ല. സ്വകാര്യ തൊഴിലുകൾക്ക് ഗാർഹിക തൊഴിലാളികളെ കൊണ്ടുവരാൻ കഴിയും എന്നിവയും ഇതിന്റെ നേട്ടമാണ്. 2021ൽ പദ്ധതി ആരംഭിച്ചശേഷം വിവിധ രാജ്യങ്ങളിലെ 2,500ലധികം പേർക്ക് നിക്ഷേപക റെസിഡൻസി കാർഡുകൾ ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.