മസ്കത്ത്: ഒമാനിൽ മത്തി സീസൺ ആരംഭിച്ചത് കന്നുകാലി കർഷകർക്ക് അനുഗ്രഹമാകുന്നു. സീസണിൽ ലഭിക്കുന്ന മത്തി കന്നുകാലികൾക്ക് നൽകുന്നതിലൂടെ പാൽ വർധനക്ക് കാരണമാകുന്നതായി കർഷകർ സാക്ഷ്യപ്പെടുത്തുന്നു. മൃഗങ്ങൾക്ക് ഉയർന്ന പ്രോട്ടീൻ തീറ്റയായാണ് കന്നുകാലി ഉടമകൾ മത്തി നൽകുന്നത്. അതുകൊണ്ടുതന്നെ മത്തി സീസൺ മത്സ്യത്തൊഴിലാളികളെപ്പോലെതന്നെ കന്നുകാലി കർഷകർക്കും ഏറെ പ്രിയങ്കരമാകുകയാണ്.
എല്ലാ വർഷവും ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് സലാല തീരത്ത് മത്തിയുടെ സീസൺ ആരംഭിക്കുന്നത്. പടിഞ്ഞാറ് റെയ്സ്യൂത്തിനും കിഴക്ക് മിർബാത്തിനും ഇടയിലുള്ള കടൽത്തീരത്താണ് മത്തിക്കൂട്ടങ്ങളെ കൂടുതലായി കാണപ്പെടുന്നത്.
മത്തി മത്സ്യബന്ധനം നടത്തുക ഒരു ക്യാപ്റ്റന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പുകളായിട്ടാണ്. ഓരോ ഗ്രൂപ്പിലും 20 മുതൽ 30 വരെ അംഗങ്ങളുണ്ടാകും. കഴിവുകളും കൃത്യതയും ക്ഷമയും ആവശ്യമുള്ള കഠിനമായ ജോലിയാണ് മത്തിപിടിത്തം. മത്തി ശേഖരിക്കുന്ന സ്ഥലം കണ്ടെത്തുക, വല എറിയുക, വാഹനങ്ങളിൽ കയറ്റുന്നതിന് മുമ്പ് കരയിലേക്ക് മാറ്റുക എന്നിവ ഉൾപ്പെടെ നിരവധി ഘട്ടങ്ങളിലൂടെയാണ് ഇത് കടന്നുപോകുന്നത്.
ഇങ്ങനെ പിടിച്ചെടുക്കുന്നവ മത്സ്യ മാർക്കറ്റിലോ കാലികൾക്ക് തീറ്റ കൊടുക്കുന്ന മാർക്കറ്റിലോ ആണ് വിൽക്കുന്നത്. മത്തി സീസൺ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും മത്സ്യബന്ധന മേഖലയുടെ മൊത്തത്തിലുള്ള വളർച്ചക്ക് ആക്കം കൂട്ടുകയും ചെയ്യുന്നുണ്ടെന്ന് മത്സ്യമേഖലയിലുള്ളവർ പറഞ്ഞു. മത്തി സീസണിൽ നിരവധി വിനോദസഞ്ചാരികൾ മത്സ്യബന്ധന പ്രക്രിയകൾ കാണാനും മത്തി വിളവെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ രേഖപ്പെടുത്താനും വരാറുണ്ടെന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അതുകൊണ്ടുതന്നെ മത്തി സീസൺ ടൂറിസം മേഖലയിലും സ്വാധീനം ചെലുത്തുന്നതാണ്.
2019ലെ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, സുൽത്താനേറ്റിന്റെ മൊത്തം മത്സ്യ ഉൽപാദനത്തിന്റെ 60.2 ശതമാനവും ചെറിയ മത്സ്യങ്ങളാണ്. ഇതിൽ 47.4 ശതമാനവും മത്തിയാണ് എന്നുള്ളതും ശ്രദ്ധേയമാണ്. 2,75,186 ടൺ ആയിരുന്നു ആകെ പിടിച്ച മത്തി. ഇതിൽ ഭൂരിഭാഗവും പരമ്പരാഗത മത്സ്യബന്ധനത്തിൽ നിന്നായിരുന്നു. മത്തി സീസൺ കന്നുകാലി, വിനോദസഞ്ചാര മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പൗരന്മാർക്ക് മികച്ച സാമ്പത്തിക അവസരങ്ങളാണ് നൽകുന്നത്. അതുകൊണ്ടുതന്നെ ഒമാനി സമ്പദ്വ്യവസ്ഥയിൽ മത്തി സീസൺ സ്വാധീനം ചെലുത്തുന്നുണ്ട്. മത്തി ടിന്നിലാക്കി സംസ്കരിക്കുന്നതിനും മറ്റുമായി ഒരു ഫാക്ടറി വേണമെന്നാണ് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.