സലാല: ചൈനയും ഒമാനും പരസ്പര സഹകരണത്തിലൂടെ വിജയത്തിന്റെ പുതുപാത രൂപപ്പെടുത്തിയതായി ഒമാനിലെ ചൈനീസ് അംബാസഡർ ലിങ്ബിങ്. ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി സലാലയിൽ സംഘടിപ്പിച്ച ഒമാനി-ചൈനീസ് ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യാപാരം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏഷ്യയെ ആഫ്രിക്കയുമായും യൂറോപ്പുമായും കര, കടൽമാർഗങ്ങളിലൂടെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ബെൽറ്റ് ആൻഡ് റോഡ് പദ്ധതി. ബെൽറ്റ് ആൻഡ് റോഡ് പദ്ധതി ഒമാൻ വിഷൻ 2040യുമായി സംയോജിപ്പിച്ചതിലൂടെ നയവികാസവും വ്യാപാര വർധനവും ഉണ്ടാക്കിയതായി അംബാസഡർ പറഞ്ഞു. 2022ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 40.45 ബില്യൺ ഡോളറായി ഉയർന്നു.
വർഷാവർഷം 25.8 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഒമാനിൽനിന്നുള്ള ചൈനയുടെ ഇറക്കുമതി മുൻവർഷത്തേക്കാൾ 26.7 ശതമാനം വർധിച്ച് 36.24 ബില്യൺ ഡോളറിലെത്തി. ഒമാനിലേക്കുള്ള ചൈനയുടെ നേരിട്ടുള്ള നിക്ഷേപം 116.75 ശതമാനം ഉയർന്ന് 21.74 മില്യൺ ഡോളറിലെത്തി അവർ കൂട്ടിച്ചേർത്തു. ഒമാൻ-ചൈന ഫ്രണ്ട്ഷിപ് അസോസിയേഷൻ, ചൈനീസ് എംബസി, അല റുഅ്യ പത്രം എന്നിവ സഹകരിച്ചാണ് ഫോറം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.