സോഹാർ: ക്രിസ്മസ് വരവറിയിച്ച് കരോൾ സംഘങ്ങൾ വീടുകളിലെത്തിത്തുടങ്ങി. യേശു ക്രിസ്തുവിന്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് ക്രിസ്മസ് പാപ്പയും മാലാഖമാരും ഗായകന്മാരും അടങ്ങിയ സംഘം കരോൾ ഗാനം ആലപിച്ചാണ് സ്നേഹദൂതുമായി വീടുകളിലെത്തുന്നത്.
തിരുപ്പിറവി അറിയിച്ച് കരോൾ ഗാനം ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് ക്രിസ്തുവിന്റെ ജനനം അറിയിക്കുന്ന പഴയ രീതി ഇപ്പോഴും തുടരുന്നു. കരോൾ സംഘം കുട്ടികൾക്ക് മധുരവും സമ്മാനങ്ങളും നൽകും. തിരിച്ച് സംഘങ്ങൾക്ക് കൈനീട്ടം നൽകി സ്തുതിഗീതവും കേട്ടാണ് മടക്കി അയക്കുന്നത്. ക്രിസ്മസിനുമുമ്പ് ആരംഭിക്കുന്ന വില്ലേജ് കരോൾ ക്രിസ്മസ് ദിവസത്തിന്റെ തലേന്ന് അവസാനിക്കും. പിന്നീട് പാതിരാ കുർബാനക്കുള്ള ഒരുക്കങ്ങളിൽ മുഴുകും. വീടുകളിൽ നക്ഷത്രവിളക്കുകൾ ഉയർത്തിയും മുറ്റത്ത് പുൽക്കൂട് ഒരുക്കിയും ക്രിസ്മസിനെ വരവേൽക്കാൻ പ്രവാസവിശ്വാസികളും ഒരുങ്ങി.
മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും ക്രിസ്മസ് ചമയങ്ങളാൽ പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്. കോവിഡ് മൂലം ആഘോഷങ്ങളില്ലാതെപോയ രണ്ടു വർഷത്തിന്റെ ആഹ്ലാദവും സന്തോഷവും ഈ ക്രിസ്മസിന് കാണാനാവുന്നുണ്ട്.ക്രിസ്മസ് ട്രീ, ക്രിസ്മസിനെ വരവേൽക്കുന്ന ആശംസ ബാനറുകൾ, വീടുകളിൽ ഉയർത്തുന്ന നക്ഷത്രം, പുൽക്കൂട് ഒരുക്കാനുള്ള സാധനങ്ങൾ എന്നിവക്ക് ആവശ്യക്കാർ ഏറെയാണെന്ന് കട ഉടമകൾ പറയുന്നു.
പള്ളികളും വീടുകളും പെയിന്റ് ചെയ്തും കഴുകി വൃത്തിയാക്കിയും ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. സോഹാർ സെന്റ് ഓർത്തഡോക്സ് ചർച്ച് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഹൗസ് ക്രിസ്മസ് കരോൾ ഇടവക വികാരി ഫാ. സാജു പടാച്ചിറ, സെക്രട്ടറി സുനിൽ മാത്യു, വൈസ് പ്രസിഡന്റ് തോമസ് ജോഷ്വ, ഇടവക ട്രസ്റ്റീ അനിൽ കുര്യൻ, സെക്രട്ടറി സുനിൽ ഡി. ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഈ മാസം മൂന്നാം തീയതി ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.