മസ്കത്ത്: അൽബാജ് ബുക്സും വേൾഡ് മലയാളി ഫെഡറേഷൻ ഒമാനും (ഡബ്ല്യു.എം.എഫ്) സംയുക്തമായി കുട്ടികൾക്കായി നടത്തിയ കളറിങ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അൽബാജ് ബുക്സിന്റെ റൂവി ശാഖയിൽ ചടങ്ങിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്കാണ് സമ്മാനങ്ങൾ നൽകിയത്. കുട്ടികളിലെ കലാവാസനകൾ പരിപോഷിപ്പിക്കുന്നതിനായി അൽബാജ് ബുക്സും ഡബ്ല്യു.എം.എഫും നടത്തിവരുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് സ്കൂൾ അവധിക്കാലത്ത് മത്സരം സംഘടിപ്പിച്ചത്.
അൽബാജ് ബുക്സ് എം.ഡി പി.എം. ഷൗക്കത്തലി, ഡബ്ല്യു.എം.എഫ് ഭാരവാഹികളായ അമ്മുജം രവീന്ദ്രൻ (മിഡിലീസ്റ്റ് കോഓഡിനേറ്റർ), രാജൻ വി. കോക്കൂരി (മിഡിലീസ്റ്റ് വൈസ് പ്രസിഡന്റ്), ഉല്ലാസ് ചേരിയൻ (നാഷനൽ കോഓഡിനേറ്റർ, സുനിൽ കുമാർ (നാഷനൽ പ്രസിഡന്റ്) എന്നിവർ സമ്മാനങ്ങൾ നൽകി. ജയാനന്ദൻ (ട്രഷറർ), ലേഖ ജയാനന്ദൻ എന്നിവരും അൽബാജ് ജീവനക്കാരും പരിപാടികൾക്ക് നേതൃത്വം നൽകി. പ്രോത്സാഹന സമ്മാനമായി രാജൻ വി. കോക്കൂരി എഴുതിയ ‘ദ ഇൻവിസിൽ ലവ്’ എന്ന പത്തു ചെറുകഥകൾ അടങ്ങിയ പുസ്തകവും നൽകി.
കുട്ടികളിലെ വായനശീലം വളർത്താനും കഥകളും കവിതകളും എഴുതാനുമുള്ള വാസനകളെ പ്രോത്സാഹിപ്പിക്കാൻ ഡബ്ല്യു.എം.എഫ് ഒമാൻ ഇനിയും വിവിധ പരിപാടികൾ നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കാനുള്ള വിഷയത്തിൽ കുട്ടികളോട് അമ്മുജം രവീന്ദ്രൻ സംസാരിച്ചു. റെബാഗോമാൻ എന്ന ബാനറിൽ നിർമിച്ച പുനരുപയോഗിക്കാവുന്ന തുണിസഞ്ചികൾ സമ്മാനത്തോടൊപ്പം അവർ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.