മസ്കത്ത്: വയറിളക്ക കേസുകൾ നിയന്ത്രിക്കുന്നതിനുള്ള പ്രധാന നടപടിയുടെ ഭാഗമായി നവജാതശിശുക്കൾക്ക് ആരോഗ്യ മന്ത്രാലയം റോട്ടവൈറസ് വാക്സിൻ പുറത്തിറക്കി. പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ ഷെഡ്യൂളിൽ റോട്ടവൈറസ് വാക്സിൻ ഉൾപ്പെടുത്തുന്ന പരിപാടിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു.
പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്കായുള്ള ദേശീയ ഗൈഡിന്റെ നാലാമത് പതിപ്പിന്റെയും പ്രതിരോധ കുത്തിവെപ്പിനുള്ള ഒമാനി ഗൈഡിന്റെയും പ്രകാശനവും നടന്നു. നവജാതശിശുക്കൾക്ക് നവംബർ മുതൽ രണ്ട് ഡോസ് റോട്ടവൈറസ് വാക്സിൻ നൽകി തുടങ്ങിയിട്ടുണ്ട്. ആദ്യത്തേത് ജനിച്ച് രണ്ട് മാസത്തിലും രണ്ടാമത്തേത് നാലാം മാസത്തിലുമാണ് നൽകുക.
ആരോഗ്യമന്ത്രി ഡോ. ഹിലാൽ അലി അൽ സബ്തിയുടെ കാർമികത്വത്തിലായിരുന്നു പരിപാടികൾ. സുൽത്താനേറ്റ് ആരോഗ്യമേഖലയുടെ വികസനത്തിന് മുൻകൈയെടുത്ത് മുന്നോട്ട് പോവുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
റോട്ടവൈറസ് വാക്സിൻ പുറത്തിറക്കിയതും ദേശീയ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടെ നാലാം പതിപ്പും പകർച്ചവ്യാധികൾ തുടച്ചുനീക്കാനും പൊതുജനങ്ങളുടെ സ്ഥിരത നിലനിർത്താനുമുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ വ്യഗ്രതയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ആരോഗ്യകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. സഈദ് ഹാരിബ് അൽ ലംകി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.