മസ്കത്ത്: മാസങ്ങളുടെ ഇടവേളക്കുശേഷം കോവിഡിന്റെ കുതിപ്പിന് സാക്ഷ്യംവഹിച്ചാണ് ജനുവരി കടന്നുപോയത്. 30 മരണങ്ങളും 33,000ത്തിലധികം കോവിഡ് കേസുമാണ് കഴിഞ്ഞമാസം റിപ്പോർട്ട് ചെയ്തത്. 2020 ഫെബ്രുവരിയിൽ മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷമുള്ള ഏറ്റവും ഉയർന്ന നാലാമത്തെ പ്രതിമാസ നിരക്കാണിതെന്ന് ഡേറ്റ അനലിസ്റ്റായ ഇബ്രാഹിം അൽ മൈമാനി പറഞ്ഞു. പ്രതിദിനം ശരാശരി 1,073 എന്ന നിലയിൽ 33,272 പേർക്കാണ് അണുബാധ സ്ഥിരീകരിച്ചത്. ഡിസംബറിൽ ആകെ 1,068 പേർക്കായിരുന്നു മഹാമാരി പിടിപെട്ടത്.
2021 ജനുവരിയിലാണ് ഏറ്റവും ഉയർന്ന കേസ് രാജ്യത്ത് രേഖപ്പെടുത്തിയത്. 51,321 ആളുകൾക്കായിരുന്നു അന്ന് രോഗം പിടിപെട്ടത്. രണ്ടാമത്തെ ഉയർന്ന നിരക്ക് 2020 ജൂലൈയിലാണ് റിപ്പോർട്ട് ചെയ്തത്. 39,089 ആളുകൾക്കാണ് ജൂലൈയിൽ കോവിഡ് സ്ഥിരീകരിച്ചത്. മൂന്നാമത്തെ ഉയർന്ന പ്രതിമാസ നിരക്ക് 2021 ഏപ്രിലിലായിരുന്നു. 34,886 പേരാണ് അന്ന് കോവിഡ് രോഗികളായത്.
കഴിഞ്ഞ മാസം 14,733 ആളുകളാണ് രോഗമുക്തി നേടിയത്. ഈ കാലയളവിൽ 19,584 ആളുകൾക്ക് രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് സൂചിപ്പിക്കുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും പ്രകടമായ വർധനയുണ്ടായി. ജനുവരിയുടെ തുടക്കത്തിൽ 14 കേസ് മാത്രമാണുണ്ടായിരുന്നത്.
മാസാവസാനം ഇത് 320 ആയി ഉയർന്നുവെന്ന് ഇബ്രാഹിം അൽ മൈമാനി പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിലും ഉയർച്ചയാണ്. തുടക്കത്തിൽ നാലുപേർ മാത്രമാണുണ്ടായിരുന്നതെങ്കിൽ മാസം അവസാനത്തോടെ 52 കേസിൽ എത്തി. കോവിഡ് കേസുകൾ കുതിച്ചുയരുമ്പോഴും ആശുപത്രി വാസവും മരണനിരക്കും കുറവാണെന്നുള്ളത് ആശ്വാസം നൽകി. ജനുവരിയിൽ 30 പേരാണ് മരിച്ചത്. ജനുവരി 19 മുതൽ കഴിഞ്ഞ ദിവസംവരെ ഒരു മരണമെങ്കിലും റിപ്പോർട്ട് ചെയ്യാതെ കടന്നുപോയിട്ടില്ല. ഡിസംബറിൽ മൂന്നും നവംബറിൽ രണ്ടും ആളുകളാണ് മരിച്ചത്.
കോവിഡ് ബാധിച്ച് മരിച്ചവരിൽ 90 ശതമാനവും വാക്സിനെടുക്കാത്തവരാണെന്ന് ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഒരു ഡോസ് വാക്സിൻ എടുത്തവരിൽ 7.5 ശതമാനമാണ് മരണ നിരക്ക്. എന്നാൽ രണ്ട് ഡോസ് എടുത്തവരിൽ 2.5 ശതമാനം ആളുകൾ മരിച്ചു. രാജ്യത്തെ കോവിഡ് കേസുകളിൽ 99 ശതമാനവും ഒമിക്രോൺ മൂലമാണെന്ന് ലബോറട്ടറി പരിശോധനകളിൽനിന്ന് വ്യക്തമായതായി ആരോഗ്യ മന്ത്രാലയത്തിലെ പകർച്ചവ്യാധി തടയൽ വിഭാഗം ഡയറക്ടറും അറിയിച്ചിരുന്നു. കോവിഡിന്റെ മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് വ്യാപന ശേഷി കൂടുതലാണെന്നാണ് ആരോഗ്യ മേഖലയിലുള്ളവർ പറയുന്നത്. ഈയൊരു സാഹചര്യം മുന്നിൽകണ്ടാണ് കോവിഡ് അവലോകന സുപ്രീം കമ്മിറ്റി ജനുവരി 21ന് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇത് ഫലം കണ്ടുവെന്നുവേണം കരുതാൻ.
കഴിഞ്ഞ രണ്ടു ദിവസം കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ കുറവാണ് വന്നത്. 2800 വരെ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നിടത്തുനിന്ന് കഴിഞ്ഞ ദിവസം 2000ത്തിൽ താഴെ വരെയാണ് എത്തിയത്. നിയന്ത്രണങ്ങളിലൂടെയും ബൂസ്റ്റർ ഡോസടക്കമുള്ള വാക്സിൻ പ്രവർത്തനങ്ങളിലൂടെയും മഹാമാരിയെ പിടിച്ചുകെട്ടാനാകുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.