സുഹാർ: ഒമാനടക്കമുള്ള ജി.സി.സി രാജ്യങ്ങൾ കോവിഡ് മുക്തമായിട്ടും ഇന്ത്യയിലേക്ക് മൃതദേഹം കൊണ്ടുപോകാൻ കോവിഡ് പരിശോധന തുടരുന്നത് പ്രയാസമുണ്ടാക്കുന്നുവെന്ന് സാമൂഹിക പ്രവർത്തകർ. കോവിഡ് വ്യാപന കാലത്ത് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് പ്രധാനമായിരുന്നു. നിശ്ചിത മണിക്കൂറുകൾക്ക് മുമ്പ് എടുത്ത സർട്ടിഫിക്കറ്റ് കാണിച്ചാൽ മാത്രമേ യാത്രാനുമതി ലഭിച്ചിരുന്നുള്ളൂ.
കോവിഡ് തോത് കുറഞ്ഞതോടെ ഇന്ത്യൻ സർക്കാർ യാത്രക്കാർക്ക് കോവിഡ് സർട്ടിഫിക്കറ്റ് ഒഴിവാക്കിയെങ്കിലും മൃതദേഹത്തിന് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന തുടരുകയാണ്. കോവിഡ് സർട്ടിഫിക്കറ്റ് ഇല്ലാതെ മൃതദേഹം കയറ്റേണ്ടതില്ലെന്നാണ് ഇന്ത്യൻ എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷന്റെ (എ.പി.എച്ച്.ഒ) തീരുമാനം. ഒമാനിൽ മരിച്ച ആളുടെ എംബാമിങ് നടക്കുന്നത് ഖുർറത്തെ പൊലീസ് ആശുപത്രി മോർച്ചറിയിലാണ്. അവിടെ കോവിഡ് പരിശോധന നടത്തി കയറ്റിയയക്കുകയാണ് പതിവെന്ന് സാമൂഹിക പ്രവർത്തകൻ ഷാജി സെബാസ്റ്റ്യൻ പറഞ്ഞു.
മരിച്ച ആളുടെ തൂക്കം നൂറ് കിലോയിൽ കുറവാണെങ്കിൽ എംബാമിങ്, മൃതദേഹം അയക്കാനുള്ള പെട്ടി, എയർപോട്ടിലേക്കുള്ള വാഹനം, രേഖകൾ ശരിയാക്കൽ, കാർഗോ നിരക്ക്, കോവിഡ് പരിശോധന എന്നിവയടക്കം 650 ഒമാൻ റിയാലോളം ചെലവു വരും. 1.30 ലക്ഷത്തോളം ഇന്ത്യൻ രൂപയാണിത്.
കഴിഞ്ഞ ദിവസം ഖൗല ആശുപത്രിയിൽ മൃതദേഹം എംബാമിങ് ചെയ്യേണ്ടിവന്നപ്പോൾ പുറത്തുനിന്നും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് സംഘടിപ്പിക്കേണ്ടിവന്നു. മരണങ്ങളും മറ്റും കൂടുന്ന വേളയിൽ കോവിഡ് സർട്ടിഫിക്കറ്റ് കൂടി സംഘടിപ്പിക്കേണ്ടിവരുമ്പോഴുണ്ടാകുന്ന കാല താമസവും അധിക ചെലവും സാമൂഹിക പ്രവർത്തകർക്കും ബന്ധുക്കൾക്കും പ്രയാസം സൃഷ്ടിക്കുന്നതാണെന്ന് ഷാജി സെബാസ്റ്റ്യൻ പറഞ്ഞു.
ഒമാനിൽ കോവിഡ് കേസ് കുറഞ്ഞതിനാൽ കഴിഞ്ഞ വർഷം മേയിൽ നിയന്ത്രണം പൂർണമായും ഒഴിവാക്കിയിരുന്നു. സാധാരണ യാത്രക്കാർക്ക് കോവിഡ് സർട്ടിഫിക്കറ്റ് ആവശ്യമല്ലെന്നിരിക്കെ മൃതദേഹത്തിന് കോവിഡ് പരിശോധന തുടരേണ്ടതുണ്ടോ എന്നാണ് സാമൂഹിക പ്രവർത്തകർ ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.