മസ്കത്ത്: ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇടം നേടാനുള്ള അവസാന റൗണ്ട് മത്സരങ്ങളിലേക്ക് ഒമാൻ യോഗ്യത നേടി.
സ്കോട്ട് ലാൻഡിനുശേഷം യോഗ്യത നേടുന്ന രണ്ടാമത്തെ ടീമാണ് ഒമാൻ. ഏഴ് ടീമുകൾ പങ്കെടുത്ത ഐ.സി.സി വേൾഡ് ക്രിക്കറ്റ് ലീഗ് (ഡബ്ല്യു.സി.എൽ) ഡിവിഷൻ രണ്ടിൽ നിന്ന് മികച്ച പ്രകടനം നടത്തിയാണ് ഒമാൻ അവസാന റൗണ്ടിലേക്ക് കടന്നുകയറിയത്. ജൂൺ 18 മുതൽ ജൂലൈ ഒമ്പതുവരെ സിംബാബ് വേയിലാണ് അവസാന റൗണ്ട് മത്സരങ്ങൾ നടക്കുക.
ഡബ്ല്യു.സി.എൽ -ഡിവിഷൻ രണ്ട് പരമ്പരയിലുടനീളം ടീമിനെ പിന്തുണച്ച കളിക്കാർ, കോച്ചിങ് സ്റ്റാഫ്, കോർപറേറ്റുകൾ തുടങ്ങിയവരെ ഒമാൻ ക്രിക്കറ്റ് ചെയർമാൻ പങ്കജ് ഖിംജി അഭിനന്ദിച്ചു. ഡബ്ല്യു.സി.എൽ -ഡിവിഷൻ രണ്ടിൽ ക്യാപ്റ്റൻ സീഷൻ മഖ്സൂദിന്റെ നേതൃത്വത്തിൽ ഒമാൻ ടീം 44 പോയന്റാണ് നേടിയത്. 36 കളികളിൽനിന്ന് 21 വിജയം ടീം സ്വന്തമാക്കി. 13 തോൽവിയും ഒരു സമനിലയും ഒരു മത്സരം ഉപേക്ഷിക്കുകയും ചെയ്തു. 50 പോയന്റുമായി സ്കോട്ട്ലൻഡാണ് ഒന്നാം സ്ഥാനത്ത്. 24 മത്സരത്തിൽ വിജയിച്ചപ്പോൾ 10 എണ്ണത്തിൽ പരാജയപ്പെടു. രണ്ട് മത്സരം ഉപപേക്ഷിക്കുകയും ചെയ്തു. ഡബ്ല്യു.സി.എൽ ഡിവിഷൻ രണ്ടിൽനിന്ന് ഒരു ടീമിന് കൂടി ഫൈനൽ റൗണ്ടിലേക്ക് കടക്കാം. ഇതിനുള്ള പോരാട്ടത്തിലാണ് നമീബിയ, യു.എ.ഇ, നേപ്പാൾ ടീമുകൾ. രണ്ട് മത്സരങ്ങൾ ശേഷിക്കെ നമീബിയക്ക് 37 പോയന്റാണുള്ളത്. യു.എ.ഇക്ക് 26 കളികളിൽനിന്ന് 27 പോയന്റും നേപ്പാളിന് 28 കളികളിൽനിന്ന് 26പോയന്റുമുണ്ട്. 35പോയന്റുമായി യു.എസ്.എയും 28 കളികളിൽനിന്ന് അഞ്ചു പോയന്റുള്ള പാപ്പ്വ ന്യൂ ഗിനിയും തങ്ങളുടെ പോരാട്ടം ഇതിനകം അവസാനിപ്പിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഒമാൻ ലോകകപ്പ് യോഗ്യതയുടെ അവസാന റൗണ്ടിൽ ഇടം നേടുന്നത്. ടൂർണമെന്റ് ആതിഥേയരായ ഇന്ത്യ ഉൾപ്പെടെ ഏഴ് ടീമുകൾ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ന്യൂസിലൻഡ്, ഇംഗ്ലണ്ട്, പാകിസ്താൻ, ആസ്ട്രേലിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവയാണ് യോഗ്യത നേടിയ മറ്റ് ടീമുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.