മസ്കത്ത്: സൊഹാർ തുറമുഖത്ത് നങ്കൂരമിട്ട ചരക്കുകപ്പലിൽ ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. കപ്പലിെൻറ സംഭരണ അറക്കുള്ളിൽ വീണ വിദേശി തൊഴിലാളികൾ ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് സിവിൽ ഡിഫൻസ് ട്വിറ്ററിൽ അറിയിച്ചു. മരിച്ചവരിൽ ഒരാൾ മലയാളിയും മറ്റു രണ്ടുപേർ ആന്ധ്ര സ്വദേശികളുമാണെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് ഷിപ്പിങ് മേഖലയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
മരിച്ച മൂന്നു പേരും ഇന്ത്യൻ തൊഴിലാളികൾ ആണെന്ന് സൊഹാർ ആശുപത്രിയുമായി ബന്ധപ്പെട്ടവരും സ്ഥിരീകരിച്ചു. സൗത് അമേരിക്കൻ രാജ്യത്തുനിന്ന് തടിയുമായി വന്നതാണ് കപ്പൽ. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. ടെർമിനൽ കൈകാര്യം ചെയ്യുന്ന ഏജൻസിയുടെ ജീവനക്കാരാണ് അപകടത്തിൽ പെട്ടവർ. ഒാക്സിജെൻറ അഭാവത്തിനൊപ്പം തടി കേടുകൂടാതെയിരിക്കാൻ ഉപയോഗിച്ച രാസവസ്തുക്കൾ ശ്വസിച്ചതുമാണ് മരണത്തിന് കാരണമാക്കിയതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരുകയാണെന്ന് സൊഹാർ പോർട്ട് ആൻഡ് ഫ്രീസോൺ അറിയിച്ചു. അന്വേഷണത്തിെൻറ ഭാഗമായി കപ്പലിലേക്കുള്ള പ്രവേശനം പൂർണമായി നിരോധിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അന്വേഷണം പൂർത്തിയാകുന്ന മുറക്ക് പുറത്തുവിടുമെന്നും കമ്പനിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.