മസ്കത്ത്: ലോകകപ്പ് യോഗ്യത മത്സരത്തിൽ ഒമാൻ വ്യാഴാഴ്ച ശക്തരായ ഇറാഖിനെ നേരിടും. ബസ്റ സ്റ്റേഡിയത്തിൽ ഒമാൻ സമയം രാത്രി എട്ടിനാണ് മത്സരം. കോച്ച് ജറോസ്ലാവ് സിൽഹവിയക്ക് കീഴിൽ ബോഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന പരിശീലനം പൂർത്തിയാക്കി ഒമാൻ ടീം ചൊവ്വാഴ്ച ഇറാഖിൽ എത്തിയിരുന്നു.
വൈകീട്ട് ഇവിടെ കോച്ചിന് കീഴിൽ പരിശീലനത്തിലേർപ്പെടുകയും ചെയ്തു. എതിരാളിയുടെ ശക്തിയിൽ പതറാതെ മികച്ച കളി കെട്ടഴിച്ച് വിജയം സ്വന്തമാക്കണമെന്നാണ് കോച്ച് നൽകിയിരിക്കുന്ന നിർദേശം.
സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കാനിറങ്ങുന്നത് ഇറാഖിന് കരുത്തു പകരുന്നതാണ്. എന്നാൽ, ഒമാൻ ആരാധകർക്ക് സൗജന്യ വിസ അനുവദിച്ചിട്ടുണ്ട്. ഇത് കൂടുതൽ ആരാധകരെ ഇറാഖിലേക്ക് എത്തിക്കുമെന്നാണ് ഒമാൻ ഫുട്ബാൾ അസോസിയേഷൻ കണക്കുകൂട്ടുന്നത്.
ഇതിനകം നിരവധി ആരാധകർ ഇറാഖിലെത്തിയിട്ടുണ്ട്. ശക്തമായ പ്രതിരോധ നിരക്കൊപ്പം മുൻനിരയും ഇന്ന് ഫോമിലേക്കുയർന്നാൽ ഇറാഖിന് കാര്യങ്ങൾ അത്ര എളുപ്പമാകില്ല. ഇരുടീമുകളും ഇതിനകം 16 തവണയാണ് ഏറ്റുമുട്ടിയത്. ഇതിൽ നാലുവീതം വിജയവും എട്ടെണ്ണം സമനിലയിലുമാണ് കലാശിച്ചത്.
ഏറ്റവൂം കൂടുതൽ ഗോൾ നേടിയത് ഒമാനായിരുന്നു. പോരാട്ടത്തിന് ടീം പൂർണമായും തയാറാണെന്ന് മത്സരത്തിന് മുന്നോടിയായി നടന്ന വാർത്ത സമ്മേളനത്തിൽ കോച്ച് ഒമാൻ കോച്ച് ജറോസ്ലാവ് സിൽഹവിയ പറഞ്ഞു.
മുൻ മത്സരങ്ങളിൽ മികച്ച കളി കാഴ്ചവെച്ചതിനാൽ വിജയിക്കാൻ സാധിച്ചു. ഇത് തുടരും. പരിചയവും അനുഭവസമ്പത്തുമുള്ള കളിക്കാരിൽ വലിയ വിശ്വാസമുണ്ട്. ഏത് സാഹചര്യത്തിലും കളിക്കാൻ തയാറാണ്. ഇറാഖി ടീമിന്റെ ശക്തിയും ബലഹീനതയും മനസിലാക്കിയിട്ടുണ്ട്. കൂടെ നിൽക്കുന്ന ആരാധകർക്ക് നന്ദി പറയുകയാണെന്നും കോച്ച് പറഞ്ഞു.
മത്സരങ്ങൾക്കായുള്ള ഒമാൻ ടീമിനെ ദിവസങ്ങൾക്കുമുമ്പ് പ്രഖ്യാപിച്ചിരുന്നു. കടുത്ത ഗ്രൂപ്പിൽ ഉൾപ്പെട്ട ഒമാന്‍ എല്ലാ മത്സരങ്ങളും നിർണായകമായതിനാൽ ടീമിൽ പരിചയസമ്പന്നതക്കാണ് മുൻതൂക്കം നൽകിയിരിക്കുന്നത്. യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ഈ മാസം പത്തിന് ഒമാന്‍ ദക്ഷിണ കൊറിയയെയും നേരിടും.
മസ്കത്തിലാണ് മത്സരം. പിന്നീട് ഒക്ടോബറിലാണ് മത്സരം. ഒക്ടോബര്‍ പത്തിന് കുവൈത്തുമായും 15ന് ജോര്‍ഡനുമായും ഏറ്റുമുട്ടും. നവംബര്‍ 14ന് ഫലസ്തീനെതിരെയും 19ന് ഇറാഖിനെതിരെയുമാണ് തുടര്‍ന്നുള്ള മത്സരങ്ങള്‍. പിന്നീട് അടുത്ത വര്‍ഷം മാര്‍ച്ചിലാണ് മത്സരങ്ങള്‍ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.