മസ്കത്ത്: ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകിനെ നിയന്ത്രിക്കുന്നതിനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യാനുള്ള അന്താരാഷ്ട്ര സമ്മേളനം മസ്കത്തിൽ ഒക്ടോബർ 29, 30 തീയതികളിൽ നടക്കും.
ആരോഗ്യ മന്ത്രാലയത്തിന്റെയും ലോകാരോഗ്യ സംഘടനയുടെയും സഹകരണത്തോടെ മസ്കത്ത് മുനിസിപ്പാലിറ്റിയാണ് പരിപാടി നടത്തുന്നത്. ലോകമെമ്പാടുമുള്ള 180ലധികം വിദഗ്ധർ സംബന്ധിക്കും.
മസ്കത്ത് ഗവർണർ സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ദ്വിദിന സമ്മേളനത്തിൽ ജി.സി.സി രാജ്യങ്ങൾ, ഈജിപ്ത്, മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവയുടെ പ്രതിനിധികളും ഡബ്ല്യു.എച്ച്.ഒ, യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ എന്നിവയും പങ്കെടുക്കും.
ഈഡിസ് ഈജിപ്തി കൊതുകുകളെ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും പുതിയ ഗവേഷണങ്ങളും രീതികളും ചർച്ച ചെയ്യും. സ്ഥിതിവിവരക്കണക്കുകൾ കൈമാറുക, മികച്ച സമ്പ്രദായങ്ങൾ പങ്കിടുക, കൂടുതൽ ഫലപ്രദമായ നിയന്ത്രണ തന്ത്രങ്ങൾക്കായി ഒരു കൂട്ടം ശിപാർശകൾ സമർപ്പിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.
ഡെങ്കിപ്പനി നിയന്ത്രിക്കുന്നതിലും കൊതുകുകളെ പ്രതിരോധിക്കുന്നതിലുമുള്ള ദേശീയ അനുഭവങ്ങൾ സമ്മേളനം ഉയർത്തിക്കാട്ടുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.