മസ്കത്ത്: ഒമാനിലെ ഏറ്റവും വലിയ മത്സ്യ മാർക്കറ്റായ മത്ര മാർക്കറ്റ് വികസിപ്പിക്കാനുള്ള രൂപരേഖ തയാറാവുന്നു. ഇവിടെ ജോലിചെയ്യുന്നവരുടെ അവസ്ഥകൾ മെച്ചപ്പെടുത്താനാവശ്യമായ പഠനങ്ങളും നടക്കുന്നുണ്ട്.
മത്ര മാർക്കറ്റിലെ വികസന കാര്യങ്ങൾ ചർച്ചചെയ്യാനും മീൻപിടിത്തക്കാരുടെ തൊഴിൽ അവസ്ഥകൾ മെച്ചപ്പെടുത്താനുമുള്ള സാഹചര്യമൊരുക്കാനും മത്ര ഉപ വാലി അബ്ദുൽ ഹമീദ് അൽ ഖാറുസിയുടെ അധ്യക്ഷതയിൽ അടുത്തിടെ യോഗം ചേർന്നിരുന്നു.
വിലായത്തിനെ പ്രതിനിധാനം ചെയ്യുന്ന മുനിസിപ്പൽ കൗൺസിൽ അംഗങ്ങളും കാർഷിക, മത്സ്യ, ഇല വിഭവ മന്ത്രാലയം പ്രതിനിധികളും മസ്കത്ത് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും സീ ട്രെഡിഷ്യൻ കമ്മിറ്റിയംഗങ്ങളും യോഗത്തിൽ പങ്കെടുത്തിരുന്നു.
മാർക്കറ്റിൽ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രയാസങ്ങൾ യോഗം ചർച്ച ചെയ്തു. ഇത് പരിഹരിക്കാനുള്ള നടപടികളും കണ്ടെത്തുകയുണ്ടായി. മത്സ്യ വിൽപനക്കാർക്കുള്ള കൺട്രോൾ സിസ്റ്റം, മത്സ്യം വിൽപനക്കുള്ള പ്ലാറ്റ്ഫോമുകൾ ഏകീകരിക്കൽ, മത്സ്യം മുറിക്കുന്നവരെ ഏകീകരിക്കാനുള്ള നിർദേശങ്ങൾ, ഇവർക്കുള്ള യൂനിഫോം എന്നിവ ചർച്ച ചെയ്തു.
മാർക്കറ്റിന് പ്രവർത്തന സമയം നിശ്ചയിക്കുന്നതടക്കമുള്ളവയും ചർച്ചയിൽ വന്നു. മാർക്കറ്റിന്റെ നിലവാരവും കാര്യക്ഷമതയും വർധിപ്പിക്കാൻ മത്സ്യത്തൊഴിലാളികളിലും മത്സ്യം മുറിക്കുന്നവരിലും നടപ്പാക്കേണ്ട നടപടികൾ സീ ട്രഡീഷ്യൻ കമ്മിറ്റി അംഗങ്ങൾ മുമ്പോട്ട് വെച്ചു.
1960 മുതൽ മത്രയിൽ പ്രവർത്തിച്ചു വരുന്ന പഴയ മത്സ്യ മാർക്കറ്റ് പൊളിച്ചാണ് 2018ൽ കുടുതൽ സൗകര്യത്തോടെ പുതിയ മത്സ്യ മാർക്കറ്റ് നിർമിച്ചത്. ആധുനിക രീതിയിൽ നിർമിച്ച മത്സ്യ മാർക്കറ്റിപ്പോൾ നഗര കേന്ദ്രമാണ്. ഇപ്പോൾ ദിവസവും നിരവധി വിനോദ സഞ്ചാരികളും എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.