മസ്കത്ത്: റസ്റ്റാറൻറുകളും കഫേകളും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാത്രങ്ങളിലും ഗ്ലാസുകളിലും വേണം ഭക്ഷണ പാനീയങ്ങൾ നൽകാനെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. ശീശ ഒഴിച്ചുള്ള ബാക്കിയെല്ലാ സേവനങ്ങളും നൽകാം. റസ്റ്റാറൻറിലെ ഒാരോ മേശയും രണ്ട് മീറ്റർ അകലം ഉറപ്പുവരുന്ന രീതിയിൽ വേണം ക്രമീകരിക്കാൻ. ഒരു മേശയിൽ പരമാവധി നാലുപേർ മാത്രമാണ് ഇരിക്കാൻ പാടുള്ളൂ. ഒറ്റത്തവണ ഉപയോഗിക്കാവുന്ന മെനു വേണം നൽകാൻ. ബുഫെകളും എല്ലാതരത്തിലുമുള്ള സെൽഫ് സർവിസുകളും ഒഴിവാക്കണം. ഉപ്പ്, കുരുമുളക്, പഞ്ചസാര, കെച്ചപ്പ് തുടങ്ങിയവയെല്ലാം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാക്കറ്റുകളിലാക്കി നൽകണം. ഭക്ഷണം കഴിക്കാനുള്ള കാത്തിരിപ്പ് അനുവദനീയമല്ല. ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ഹാൻഡ് സാനിറ്റൈസർ ലഭ്യമാക്കണം. കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണം. ഇൗ സമയം രേഖപ്പെടുത്തിവെക്കണം. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും താപനില പരിശോധിക്കണം.
ഭക്ഷണം കഴിക്കുന്നത് ഒഴിച്ചുള്ള സമയങ്ങളിൽ ഉപഭോക്താക്കൾ മുഖാവരണങ്ങൾ ധരിക്കണം. ഉപഭോക്താക്കൾ റസ്റ്റാറൻറിൽ ചുറ്റിത്തിരിയുകയോ മേശയിലോ അവരുടേതല്ലാത്ത മറ്റ് സാധനങ്ങളിലോ തൊടുകയോ ചെയ്യരുത്. ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ ഉടൻ റസ്റ്റാറൻറിൽനിന്ന് പുറത്തുപോവുകയും വേണം. ഉപഭോക്താക്കളും ജീവനക്കാരും റസ്റ്റാറൻറിൽ പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ സമയം കൃത്യമായി രേഖപ്പെടുത്തണം. റസ്റ്റാറൻറുകളിൽ കോവിഡ് അടിസ്ഥാന പ്രതിേരാധ നടപടികൾ പാലിക്കുന്നില്ലെങ്കിൽ ഉപഭോക്താക്കൾ വിവരം അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.