മസ്കത്ത്: കാർ ഓഫാക്കാതെയും ഡോർ ലോക് ചെയ്യാതെയും നിർത്തിയിട്ട് കടകളിലും എ.ടി.എമ്മിലും കയറുന്നത് പലരുടെയും ശീലമാണ്. പെട്ടെന്നുതന്നെ തിരികെ വരാമെന്ന ചിന്തയിലാണ് പലരും ഇങ്ങനെ ചെയ്യുന്നത്. എന്നാൽ, ഇങ്ങനെ ചെയ്യുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കണമെന്നാണ് റോയൽ ഒമാൻ പൊലീസ് പറയുന്നത്. ഇങ്ങനെ നിർത്തിയിടുന്ന വാഹനങ്ങൾ സെക്കൻഡുകൾക്കുള്ളിൽ കളവ് പോകാമെന്ന് ആർ.ഒ.പി മുന്നറിയിപ്പ് നൽകി.
രാജ്യത്ത് വാഹനക്കവർച്ച വർധിച്ചുവരുകയാണ്. ഓഫാക്കാതെയും ഡോർ ലോക് ചെയ്യാതെയും നിർത്തിയിടുന്ന കാറുകളാണ് കവർച്ചക്കാർ പ്രധാനമായും ലക്ഷ്യമിടുന്നത്. സാധനം വാങ്ങി പെട്ടെന്ന് വരാമെന്നായിരിക്കും ഡ്രൈവർ കണക്കുകൂട്ടുക. എന്നാൽ, തക്കം പാർത്തിരിക്കുന്ന കള്ളന്മാർ വാഹനവുമായി കടന്നുകളയുന്ന സാഹചര്യമാണ് പലപ്പോഴും ഉണ്ടാവുകയെന്ന് ആർ.ഒ.പി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വിഭാഗം അസി. ഡയറക്ടർ ജനറൽ കേണൽ അഹമ്മദ് ബിൻ അലി അൽ റവാസ് പറഞ്ഞു. ഡ്രൈവർമാർ വാഹനം കവർച്ച ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിനൽകുകയാണ് ചെയ്യുന്നത്. ഇത്തരം കവർച്ചകൾക്ക് പ്രത്യേക സമയമോ സാഹചര്യമോ ഇല്ല. ഡ്രൈവറുടെ അശ്രദ്ധയാണ് പ്രധാന കാരണം. എ.ടി.എമ്മിന് മുന്നിൽനിന്നും ഷോപ്പിങ് സ്റ്റോറിന് മുന്നിൽനിന്നും ഇന്ധന സ്റ്റേഷനിൽനിന്നും വീടിന് മുന്നിൽനിന്നും വരെ ഇങ്ങനെ വാഹനം കവർന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കേണൽ അലി അൽ റവാസ് പറഞ്ഞു.
വാഹനങ്ങൾ ദൂരസ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നതും വിൽക്കാനുള്ള വാഹനങ്ങൾ നിശ്ചിത സ്ഥലങ്ങളിലല്ലാതെ നിർത്തിയിടുന്നതുമെല്ലാം കവർച്ചക്കാരെ ആകർഷിക്കുന്നതാണ്. സ്വദേശികളും വിദേശികളും വിദേശരാജ്യങ്ങളിൽനിന്ന് വ്യാജ ഇറക്കുമതി രേഖകളുള്ള വാഹനങ്ങൾ ഒമാനിലേക്ക് കൊണ്ടുവരുന്ന നിരവധി കേസുകൾ ശ്രദ്ധയിൽപെട്ടതായും കേണൽ അഹമ്മദ് അൽ റവാസ് പറഞ്ഞു.
വാഹനങ്ങൾ കൊണ്ടുവരുന്നവർ രേഖകളുടെ സാധുത ഓൺലൈനിൽ പരിശോധിച്ച് ഉറപ്പാക്കണമെന്ന് അൽ റവാസ് പറഞ്ഞു. വാഹനക്കച്ചവടത്തിെൻറ പേരിൽ ഓൺലൈൻ തട്ടിപ്പുകളും നടക്കുന്നുണ്ട്. കുറഞ്ഞ വിലയിൽ വാഹനങ്ങൾ നൽകാമെന്ന് പറഞ്ഞ് പണം ട്രാൻസ്ഫർ െചയ്യിക്കുകയാണ് ചെയ്യുക. ഇങ്ങനെ പണം നഷ്ടപ്പെട്ടതായ പരാതികളും ലഭിച്ചിട്ടുണ്ടെന്ന് കേണൽ അഹമ്മദ് അൽ റവാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.