മസ്കത്ത്: അവധിക്കാല യാത്രക്കൊരുങ്ങുന്നവർ രേഖകൾ ശരിയാക്കി വെക്കണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു. ദിവസങ്ങൾക്കകം ഈദുൽ ഫിത്ർ അവധി വരാനിരിക്കെ യാത്രാരേഖകളുടെ കാലാവധി കഴിഞ്ഞെങ്കിൽ പുതുക്കേണ്ടതിന്റെ ആവശ്യകത ആർ.ഒ.പി ഉണർത്തി. മതിയായ രേഖകളില്ലാതെ യാത്ര മുടങ്ങുന്ന സംഭവം നിരവധി തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. യാത്ര രേഖകളില്ലാത്തതും ശരിയല്ലാത്തതിന്റെയോ പേരിൽ അന്തരാഷ്ട്ര തലത്തിൽ ഓരോ വർഷവും 50,000ലധികം യാത്രക്കാർക്ക് മടങ്ങേണ്ടി വരുന്നുണ്ടെന്ന് ഇന്റർനാഷനൽ എയർ ട്രാൻസ് പോർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു. മിക്കവരും പാസ്പോർട്ടിന്റെയോ റസിഡൻസ് കാർഡുകളുടെയോ കാലാവധി പരിശോധിക്കാൻ മെനക്കെടാറില്ലെന്ന് ട്രാവൽ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു. എയർപോർട്ടിൽ എത്തുമ്പോഴോ യാത്രക്ക് മുമ്പുള്ള ദിവസങ്ങളിലോ ആണ് ഇത് ശ്രദ്ധയിൽപെടുന്നത്. യാത്ര മുടങ്ങാൻ ഈ അശ്രദ്ധ ഇടവരുത്തുന്നുണ്ടെന്നും ട്രാവൽ ഓപറേറ്റർമാർ പറയുന്നു.
ഈദ് അവധിക്കാലം മുന്നിൽ കണ്ട് നിരവധി പേരാണ് യാത്രക്കൊരുങ്ങുന്നത്. ഏപ്രിൽ പത്ത് പെരുന്നാളാവാൻ സാധ്യതയുള്ളതിനാൽ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലെ അവധിയാണ് പലരും പ്രതീക്ഷിക്കുന്നത്. ഇത് ഉപയോഗപ്പെടുത്തി മറ്റു രാജ്യങ്ങളിലേക്ക് അവധി യാത്രക്കൊരുങ്ങുന്നവരും നിരവധിയാണ്. പെരുന്നാളിന് നാട്ടിൽ പോകുന്നവരുമുണ്ട്. ഏപ്രിൽ ആദ്യത്തോടെ വിമാനത്താവളങ്ങളിൽ നല്ല തിരക്കുമുണ്ടാവാൻ സാധ്യതയുണ്ട്. അവധി അടുക്കുമ്പോൾ മുൻ കൂട്ടി തീരുമാനിക്കാതെ യാത്രക്കൊരുങ്ങുന്നവരും നിരവധിയാണ്. യാത്രക്ക് പലപ്പോഴും വില്ലനാവുന്നത് പാസ്പോർട്ട് കാലാവധിയാണ്. കുടുംബമായി യാത്ര ചെയ്യുമ്പോൾ കുടുംബത്തിലെ ഏതെങ്കിലും കുട്ടികളുടെ പാസ്പോർട്ട് കാലാവധി കഴിഞ്ഞാൽ ചില ഘട്ടങ്ങളിൽ കുടുംബത്തിന്റെ യാത്ര മുടങ്ങും. അതിനാൽ കുടുംബത്തിലെ എല്ലാവരുടെയും പാസ്പോർട്ടിന്റെ കാലാവധി പരിശോധിക്കുകയും കാലാവധി കഴിഞ്ഞതോ കഴിയാറായതോ ആയ പാസ്പോർട്ടുകൾ ഉടൻ പുതുക്കുകയും വേണം.
കാലാവധി കഴിയുന്നതിന് ആറ് മാസം മുമ്പെങ്കിലും പാസ്പോർട്ട് പുതുക്കണം.യാത്ര ചെയ്യുന്നവർ റസിഡന്റ് കാർഡ് കാലാവധി കഴിഞ്ഞില്ലെന്ന് ഉറപ്പ് വരുത്തണം. ഓൺ അറൈവൽ വിസ ലഭിക്കുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് റസിഡൻറ് കാർഡ് നിർബന്ധമാണ്. ഒമാൻ സർക്കാർ പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യാത്തത് കൊണ്ട് ഒമാനിൽ താമസക്കാരനാണ് എന്ന് തെളിയിക്കുന്ന ഏക രേഖ റസിഡന്റ് കാർഡുകളാണ്. ഒമാനിലേക്ക് വരുമ്പോഴും റസിഡന്റ് കാർഡുകൾ പരിശോധിക്കാറുണ്ട്. അതിനാൽ റസിഡന്റ് കാർഡ് കാലാവധി കഴിയുകയോ കഴിയാറാവുകയോ ചെയ്തിട്ടുണ്ടെങ്കിൽ പുതുക്കാനുള്ള നടപടി ക്രമങ്ങളും നടത്തണം. യാത്ര ചെയ്യുന്നവർ സമയം കൃത്യമായി മനസ്സിലാക്കുകയും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന വേളകളിൽ നേരത്തെ വിമാനത്താവളത്തിലെത്തുകയും വേണം. വിമാന സമയം 24 മണിക്കുർ ക്ലോക്കിലാണ് രേഖപ്പെടുത്തിയിട്ടുണ്ടാവുക. അതിനാൽ ഒറ്റയക്കത്തിൽ വരുന്ന സമയങ്ങൾ പുലർച്ചെയാണ് എന്ന് മനസ്സിലാക്കണം. യാത്ര ചെയ്യുമ്പോൾ പാസ്പോർട്ട്, റസിഡൻറ് കാർഡ്, ടിക്കറ്റ് എന്നിവ എടുക്കാനും മറക്കരുത്. യാത്ര ഇൻഷുറൻസ് ഉള്ളവർ അതിന്റെ കോപ്പിയും കൂടെ കരുതണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.