മസ്കത്ത്: ദാഹിറ ഗവർണറേറ്റ് ധങ്ക് വിലായത്തിലെ അൽ ഹസിൻ കോട്ടയിൽ നടത്തിയ ഖനനത്തിൽ പുരാവസ്തുക്കൾ കണ്ടെത്തി. പൈതൃക വിനോദസഞ്ചാര മന്ത്രാലയം, സപിയൻസ സർവകലാശാലയിൽനിന്നുള്ള ഇറ്റാലിയൻ മിഷനുമായി സഹകരിച്ചായിരുന്നു പുരാവസ്തു ഗവേഷണം നടത്തുന്നത്. അൽ ഷക്കൂർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ കോട്ട, ബി.സി ഒന്നും മൂന്നും സഹസ്രാബ്ദങ്ങൾ പഴക്കമുള്ളതാണ്. ഈ പ്രദേശത്തെ പുരാതന മനുഷ്യവാസത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനുള്ള പ്രധാന സ്ഥലമാണിത്.
കോട്ടയുടെ മതിലുകൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങൾ കണ്ടെത്തുന്നതിലാണ് ഖനനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ, ബി.സി മൂന്നാം സഹസ്രാബ്ദത്തോളം പഴക്കമുള്ള ഘടനകളും പ്രാദേശിക കല്ലുകളും കളിമണ്ണും കൊണ്ട് നിർമിച്ച ഗോപുരവും സംഘം അന്വേഷിക്കുന്നു. ഇവിടെനിന്ന് കണ്ടെത്തിയ ഖനനത്തിൽ ഇതുവരെ നിരവധി മൺപാത്ര ശകലങ്ങൾ, മുത്തുകൾ, പക്ഷിയുടെ ആകൃതിയിലുള്ള മൺപാത്ര ശിൽപം എന്നിവയാണ് കണ്ടെത്തിയത്. ഈ കണ്ടെത്തലുകൾ ആ കാലഘട്ടത്തിലെ കലാ സാംസ്കാരിക സമ്പ്രദായങ്ങളെക്കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ച നൽകുന്നതാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകുന്ന സംഘം പറയുന്നു.
അൽ ഹസിൻ കോട്ടയുടെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും പുരാതന കാലത്തെ മനുഷ്യവാസത്തിൽ അതിന്റെ പങ്കിനെക്കുറിച്ചും ആഴത്തിൽ മനസ്സിലാക്കാൻ കൂടുതൽ തെളിവുകൾ ശേഖരിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ ഉത്ഖനന പ്രവർത്തനങ്ങൾ ഡിസംബർ പകുതി വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.