മസ്കത്ത്: പത്ത് യുവതികൾക്ക് വിവാഹസമ്മാനം ഒരുക്കി പ്രമുഖ വ്യവസായിയും കുടുംബവും. ഒമാനിൽ വ്യവസായിയായ അന്തിക്കാട് പുത്തൻപീടിക സ്വദേശി എടക്കാട്ടുത്തറ വീട്ടിൽ ഇ.എം. ബദറുദ്ദീൻ രൂപംനൽകിയ പദ്ധതിയാണ് ജീവകാരുണ്യ പ്രവർത്തകൻ അബ്ദുൽ അസീസ് തളിക്കുളത്തിലൂടെ യാഥാർഥ്യമാകുന്നത്.
അർഹരായ പത്ത് യുവതികളെ കണ്ടെത്തി അവർക്ക് മംഗല്യ സൗഭാഗ്യം സമ്മാനിക്കുകയെന്ന സ്വപ്നമായിരുന്നു മസ്കത്ത് പ്രോജക്ട് എൻവയേൺമെൻറ് സർവിസസ് എൽ.എൽ.സി എം.ഡിയായ ബദറുദ്ദീനുണ്ടായിരുന്നത്. ഇക്കാര്യം ജീവകാരുണ്യ പ്രവർത്തകൻ അബ്ദുൽ അസീസിനോട് പങ്കുവെച്ചതോടെ പദ്ധതിക്ക് ഗതിവേഗമായി. മാസങ്ങൾക്കു മുമ്പ് ഇതുസംബന്ധിച്ച വിഡിയോ സന്ദേശം പുറത്ത് വന്നതിന് പിറകെ ലഭിച്ചത് 300ഓളം യുവതികളുടെ രക്ഷിതാക്കളിൽനിന്നുള്ള അപേക്ഷകളാണ്.
അഞ്ച് പവൻ സ്വർണവും നൂറുപേർക്കുള്ള ഭക്ഷണത്തിനും വിവാഹ വസ്ത്രത്തിനുമുള്ള പണവും കൂടാതെ പതിനായിരം രൂപയും ഉൾപ്പെടുന്നതായിരുന്നു യുവതികൾക്കുള്ള വിവാഹസമ്മാനം. തിരഞ്ഞെടുക്കപ്പെടുന്ന പത്ത് യുവതികൾക്ക് വിവാഹത്തലേന്നാൾ അവരുടെ വീടുകളിലെത്തി സമ്മാനം കൈമാറും. ഇതിന്റെ ഭാഗമായി ഏനാമാവ് കോഞ്ചിറയിലെ ഒരു കുടുംബത്തിന് വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചാന്ദ്നി വേണു, പത്താംവാർഡ് അംഗം ബസിജ വിജേഷ് എന്നിവർ ചേർന്ന് വിവാഹസമ്മാനം കൈമാറി.
കയ്പ്പമംഗലം കമ്പനിപ്പടിയിലെ കുടുംബത്തിനാണ് രണ്ടാമതായി വിവാഹസമ്മാനം നൽകിയത്. വിവാഹത്തലേന്നാൾ ഇ.ടി. ടൈസൻ എം.എൽ.എ നേരിട്ടെത്തി യുവതിയുടെ മാതാവിന് വിവാഹസമ്മാനം നൽകി. അബ്ദുൽ അസീസ് തളിക്കുളത്തിനൊപ്പം പ്രവാസി വ്യവസായി ബദറുദ്ദീന്റെ ജ്യേഷ്ഠ സഹോദരൻ കൊച്ചുമുഹമ്മദ്, സുഹൃത്ത് ദാസൻ വപ്പുഴ, ഖത്തർ വോയ്സ് എഫ്.എം റേഡിയോ ഡയറക്ടർ ഗഫൂർ, സഗീർ, ഷാഹുൽ ഹമീദ്, മഹല്ല് കമ്മിറ്റി സെക്രട്ടറി, മറ്റ് പൊതുപ്രവർത്തകർ എന്നിവർ സംബന്ധിച്ചു. തളിക്കുളം തമ്പാൻകടവ്, കലാഞ്ഞി, ആലപ്പാട് പുള്ള്, വലപ്പാട്, ആമ്പല്ലൂർ കലൂർ ഉൾപ്പെടെ മറ്റ് എട്ട് സ്ഥലങ്ങളിൽനിന്ന് തിരഞ്ഞെടുത്ത യുവതികൾക്കും അവരുടെ വിവാഹത്തലേന്നാൾ വീടുകളിലെത്തി വിവാഹസമ്മാനം കൈമാറുമെന്ന് അബ്ദുൽ അസീസ് പറഞ്ഞു.
ഈമാസം 23ന് പത്ത് യുവതികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി പുത്തൻപീടികയിൽ ബദറുദ്ദീന്റെ വീട്ടിൽ പ്രത്യേക സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. ടി.എൻ. പ്രതാപൻ എം.പി, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ എന്നിവരും സ്നേഹവിരുന്നിൽ യുവതികൾക്ക് ആശംസ നേരാനെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.