മസ്കത്ത്: 2022 അവസാനത്തോടെ ഒമാനിലെ പ്രവാസി ജനസംഖ്യ 20.6 ലക്ഷമായെന്ന് നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻ.സി.എസ്.ഐ) പുറത്തുവിട്ട റിപ്പോർട്ട്.
ഇതേ കാലയളവിൽ ഒമാനികളുടെ എണ്ണം 28.6 ലക്ഷമാണെന്നും കണക്കുകൾ പറയുന്നു. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2022ൽ പ്രവാസി ജനസംഖ്യയിൽ വർധനയുണ്ടായി. 2021ൽ 17.2 ലക്ഷമായിരുന്നു പ്രവാസികളുടെ എണ്ണം. 2022 അവസാനത്തോടെ ഒമാനിലെ ആകെ ജനസംഖ്യ 49.3 ലക്ഷം ആയിരുന്നത് ഈ വർഷം ആദ്യത്തിൽ 50 ലക്ഷം പിന്നിട്ടിട്ടുമുണ്ട്.
എൻ.സി.എസ്.ഐ പുറത്തുവിട്ട ആഗസ്റ്റ് മാസത്തെ സ്റ്റാറ്റിസ്റ്റിക്കൽ ഇയർ ബുക്കിലെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 2022 അവസാനം വരെയുള്ള കണക്കുകളാണ് റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. തലസ്ഥാന ഗവർണറേറ്റിൽ ഒമാനികളേക്കാൾ പ്രവാസി ജനസംഖ്യ കൂടുതലാണെന്ന് എൻ.സി.എസ്.ഐ റിപ്പോർട്ട് പറയുന്നു. ഗവർണറേറ്റിലെ ആകെ പ്രവാസികൾ 8.37 ലക്ഷമാണ്. ഇവിടെ രജിസ്റ്റർചെയ്ത ഒമാനികളുടെ എണ്ണം 5.63 ലക്ഷവുമാണ്.
ഇതുപ്രകാരം ഗവർണറേറ്റിലെ പ്രവാസി ജനസംഖ്യ ഒരു വർഷത്തിനിടെ ഏകദേശം 80,000 വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രവാസി ജനസംഖ്യ വടക്കൻ ബാത്തിന ഗവർണറേറ്റിലാണ്. റിപ്പോർട്ട് പ്രകാരം ഇവിടെ 2.95 ലക്ഷം പ്രവാസികളുണ്ട്. 2021ൽ വടക്കൻ ബാത്തിനയിൽ 2.31 ലക്ഷം മാത്രമായിരുന്നു എണ്ണം. ഇവിടെ സ്വദേശി ജനസംഖ്യ മസ്കത്തിനേക്കാൾ കൂടുതലാണ് രേഖപ്പെടുത്തിയിരിക്കുന്നത്; 5.76 ലക്ഷമാണിത്.
മസ്കത്തിലെ ബൗഷർ വിലായത്തിലാണ് ഏറ്റവും കൂടുതൽ പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവിടെ പ്രവാസികളുടെ എണ്ണം 3.19 ലക്ഷമാണ്. ഏറ്റവും കൂടുതൽ സ്വദേശികൾ സീബ് വിലായത്തിലാണുള്ളത്.ഇവിടെ ആകെ 2.68 ലക്ഷം ഒമാനികളാണ് രജിസ്റ്റർ ചെയ്തതെന്ന് ഇയർ ബുക്ക് പറയുന്നു. മസ്കത്ത് ഗവർണറേറ്റിൽ ജനസംഖ്യ വിടവ് ഏറ്റവും കൂടുതൽ ബൗഷർ വിലായത്തിലും മത്ര വിലായത്തിലുമാണ്. ബൗഷറിൽ 2.27 ലക്ഷവും മത്രയിൽ 1.43 ലക്ഷവും പ്രവാസികൾ പൗരന്മാരേക്കാൾ കൂടുതലായുണ്ട്.
വളർന്നുവരുന്ന പ്രദേശമായ അൽ അമീറാത്ത് വിലായത്തിൽ പ്രവാസികളേക്കാൾ കൂടുതൽ ഒമാനികളുണ്ട്. വിലായത്തിൽ 93,555 ഒമാനികളും 46,200 പ്രവാസികളുമാണുള്ളത്. തീരദേശ നഗരമായ ഖുറിയാത്തിൽ 49,001 ഒമാനികളും 14,005 പ്രവാസികളുമാണുള്ളത്. പുതിയ ബഹുനില കെട്ടിടങ്ങളുടെ വലിയ ലഭ്യത, താങ്ങാനാവുന്ന വാടക, മാളുകൾ, മാർക്കറ്റ്, ജോലി സ്ഥലങ്ങൾ എന്നിവയുടെ സാമീപ്യമാണ് ബൗഷർ വിലായത്ത് പ്രവാസികളുടെ പ്രധാന ലക്ഷ്യസ്ഥാനമാകാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.