ഏതെങ്കിലും തരത്തിലുള്ള വായ്പ എടുക്കാത്ത സാധാരണ പ്രവാസികൾ ഉണ്ടാകാനിടയില്ല. വീട്, കുട്ടികളുടെ വിദ്യാഭ്യാസം, വാഹനം, കച്ചവടം, കാർഷികം, പേഴ്സനൽ ലോൺ എന്നിങ്ങനെ നിരവധി വായ്പകൾ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും നൽകുന്നു. വായ്പ നൽകുമ്പോൾ എല്ലാ ധനകാര്യ സ്ഥാപനങ്ങളും കർശനമായി പരിശോധിക്കുന്ന ഒരു കാര്യമാണ് സിബിൽ സ്കോർ (CIBIL Score). നിങ്ങളുടെ പഴയകാല സാമ്പത്തിക ഇടപാടുകൾ, ക്രെഡിറ്റ് കാർഡ് ഉൾപ്പെടെയുള്ളവയുടെ തിരിച്ചടവ് ചരിത്രമാണിത്. സാമ്പത്തിക അച്ചടക്കം, തിരിച്ചടവിലെ കൃത്യത എന്നിവ വായ്പ ആവശ്യപ്പെടുമ്പോൾ ബാങ്കുകൾ പരിശോധിക്കുന്ന പ്രധാന കാര്യമാണ്. നിങ്ങൾക്ക് എന്തെല്ലാം അനുകൂല ഘടകങ്ങൾ ഉണ്ടായാലും സിബിൽ സ്കോർ 650ൽ കുറവാണെങ്കിൽ വായ്പ കിട്ടാൻ വളരെ പ്രയാസമാണ്. കിട്ടിയാൽ തന്നെ പലിശ നിരക്ക് കൂടുതലായിരിക്കും. കാർ, ഇരുചക്ര വാഹനങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ മറ്റു ബാങ്കിതര സ്ഥാപനങ്ങളിൽനിന്ന് തവണ വ്യവസ്ഥയിൽ വാങ്ങുമ്പോഴും ഇത് ബാധകമാണെന്നുള്ള കാര്യം ഓർക്കണം. വായ്പകൾ നിരസിക്കപ്പെടാനുള്ള ഒരു കാരണം കുറഞ്ഞ സിബിൽ സ്കോർ ആയിരിക്കാം.
ഇപ്പോൾ നാട്ടിൽ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും വായ്പകൾ നൽകുമ്പോൾ പ്രവാസിയുടെ വിദേശത്തെ സാമ്പത്തിക ഇടപാടുകളിലെ തിരിച്ചടവിലെ കൃത്യത പരിശോധിക്കുന്നുണ്ട്. ഇത് പ്രവാസികൾ ശ്രദ്ധിക്കേണ്ട ഒന്നാണ്. നാട്ടിലെ സിബിൽപോലെയുള്ള ഒമാനിലെ സ്ഥാപനമാണ് ‘മലാഅ’ (ഒമാൻ ക്രെഡിറ്റ് ആൻഡ് ഫിനാൻഷ്യൽ ഇൻഫർമേഷൻ സെന്റർ ). സെൻട്രൽ ബാങ്ക് ഓഫ് ഒമാന്റെ മേൽനോട്ടത്തിൽ 2019ൽ തുടങ്ങിയ ഒരു സ്ഥാപനമാണിത്. ഒമാനിലെ ബാങ്കുകളിൽനിന്ന് എടുക്കുന്ന വായ്പകൾ, ഒമാനിലെ നിങ്ങളുടെ ക്രെഡിറ്റ് കാർഡിന്റെ തിരിച്ചടവ് എന്നിവയൊക്കെ നിങ്ങളുടെ മലാഅ സ്കോറിനെ ബാധിക്കുന്നു. 300 മുതൽ 900 വരെയാണ് മലാഅ സ്കോർ. കുഞ്ഞ സ്കോർ നിങ്ങളുടെ മോശം സാമ്പത്തിക അച്ചടക്കത്തെയും തിരിച്ചടവിനെയും കാണിക്കുന്നു. ഇത് നിങ്ങൾക്ക് നാട്ടിലെയും ഇവിടത്തെയും എല്ലാ തരത്തിലുള്ള സാമ്പത്തിക ഇടപാടുകളെയും ബാധിക്കും. 700 മുകളിലുള്ള സ്കോർ ആണ് അഭികാമ്യം.
നാട്ടിലെ വിവിധ തരം വായ്പകൾക്കും നിലവിലുള്ള ഭവനവായ്പയുടെ ടോപ് ആപ്പിനും ബാങ്കുകൾ പ്രവാസിയുടെ ഇവിടത്തെ ക്രെഡിറ്റ് സ്കോർ അവശ്യപ്പെടാൻ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് നിങ്ങളുടെ ഇവിടത്തെ ബാങ്കിലെ ലോണുകളും ഒമാനിലെ ക്രെഡിറ്റ് കാർഡ് തുടങ്ങിയവ കുടിശ്ശിക ഇല്ലാതെ സൂക്ഷിക്കുക. ഒരുപക്ഷേ നാട്ടിൽ മടങ്ങിപ്പോയാൽ തന്നെയും ഇത് ബാങ്കുകൾ ചോദിച്ചേക്കാം.
നിങ്ങളുടെ റെസിഡൻസ് കാർഡുമായി ഒമാനിലെ ബാങ്കുകളെയോ മറ്റു ധനകാര്യ സ്ഥാപനങ്ങളെയോ സമീപിച്ചാൽ മലാഅയുടെ സ്കോർ കിട്ടും. ഇതിനൊരു ചെറിയ ഫീസ് ഈടാക്കുന്നുണ്ട്. മലാഅയുടെ വെബ്സൈറ്റ് വഴി സൗജന്യമായി വർഷത്തിൽ ഒരിക്കൽ റിപ്പോർട്ട് എടുക്കാവുന്നതുമാണ്. സാമ്പത്തിക അച്ചടക്കമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന സദുദ്ദേശത്തോടെയാണ് സിബിൽ അല്ലെങ്കിൽ മലാഅ പോലുള്ള ഏജൻസികൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ വരും കാലങ്ങളിൽ വിവിധ വായ്പകൾ, ക്രെഡിറ്റ് കാർഡ് എന്നിവ കിട്ടുന്നതിനെ ഇത്തരം റിപ്പോർട്ടുകൾ വളരെ കർശനമാക്കും. ആയതുകൊണ്ട് പ്രവാസികൾ നാട്ടിലും ഇവിടെയും സാമ്പത്തിക അച്ചടക്കം പാലിക്കണം. വായ്പകൾ എടുക്കുമ്പോൾ തിരിച്ചടക്കാനുള്ള മാർഗം ഉണ്ടോ എന്ന് പരിശോധിക്കണം.
നിങ്ങളുടെ എല്ലാ വായ്പകളുടെയും കൂടിയുള്ള തിരിച്ചടവ് നിങ്ങളുടെ കൈയിൽ വരുന്ന വരുമാനത്തിന്റെ 20 ശതമാനം കൂടിയാൽ കടക്കെണിയിൽപ്പെട്ടുവെന്ന് പറയാം. അതുകൊണ്ടു ജാഗ്രതെ !!!
(ലേഖകൻ ഒമാനിലെ ഗ്ലോബൽ മണി എക്സ്ചേഞ്ചിൽ എക്സിക്യൂട്ടിവ് അഡ്വൈസർ ആണ് )
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.