മസ്കത്ത്: അന്താരാഷ്ട്ര വിമാന സർവിസുകൾക്കുള്ള യാത്ര വിലക്ക് നീട്ടിക്കൊണ്ടുള്ള ഉത്തരവ് പ്രവാസികളിൽ നിരാശ പരത്തി. യാത്ര വിലക്ക് പിൻവലിക്കുന്നതോടെ സാധാരണ വിമാന സർവിസുകൾ പുനരാരംഭിക്കുമെന്നും അതു വഴി ടിക്കറ്റ് നിരക്കുകൾ കുറയുമെന്ന് കരുതി കാത്തിരുന്നവർക്കുമാണ് സർക്കാർ തീരുമാനം തിരിച്ചടിയായിരിക്കുന്നത്. ഇന്ത്യയിലെ േകാവിഡ് രോഗ നിരക്ക് കുറയുകയും ജനജീവിതം സാധാരണ ഗതിയിലാവുകയും ചെയ്തതോടെ നവംബർ മുതലെങ്കിലും വിലക്ക് പിൻവലിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. സാധാരണ സർവിസുകൾ പുനരാരംഭിക്കാത്തത് വിമാന നിരക്ക് ഉയർന്നു തന്നെ നിൽക്കുവാൻ കാരണമായിട്ടുണ്ട്. ഒമാനിൽനിന്ന് കേരളത്തിലേക്കുള്ള നിരക്കുകൾ താരതമ്യേന കുറവാണെങ്കിലും കേരളത്തിൽനിന്ന് മസ്കത്തിലേക്കുള്ളത് വർധിച്ചു തന്നെ നിൽക്കുന്നു. വിമാന വിലക്ക് നീട്ടാനുള്ള തീരുമാനം പുറത്തു വന്നേതാടെതന്നെ നിരക്കുകൾ ഉയരാൻ തുടങ്ങി. വരും ദിവസങ്ങളിൽ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. വിമാന സർവിസുകൾ സാധാരണ ഗതിയിലാവുന്നതും ടിക്കറ്റ് നിരക്കുകൾ കുറയുന്നത് കാത്ത് നിരവധി േപരാണ് യാത്രകൾ നീട്ടിവെക്കുന്നത്.
നാട്ടിൽ എത്തിയാൽ തിരിച്ചു വരാനുള്ള ഉയർന്ന നിരക്കാണ് പലർക്കും പ്രയാസമാവുന്നത്. ഇങ്ങനെ ടിക്കറ്റ് നിരക്ക് കുറയുന്നതും കാത്തിരിക്കുന്നവരിലധികവും കുറഞ്ഞ ശമ്പളക്കാരായ പ്രവാസികളാണ്.
നാട്ടിലെത്തി ടിക്കറ്റ് നിരക്കുകൾ ഉയർന്നതിനാൽ തിരിച്ചു വരാൻ കഴിയാതെ ബുദ്ധിമുട്ടുന്നവരും നിരവധിയാണ്. ഇവരെല്ലാം യാത്ര നിയന്ത്രണം എടുത്ത്
മാറ്റുന്നതോടെ തിരിച്ചു വരാൻ കാത്തിരുന്നവരാണ്. നിലവിൽ േകരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് മസ്കത്തിലേക്കുള്ള ബജറ്റ് വിമാന കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിെൻറ കുറഞ്ഞ നിരക്ക് 125 റിയാലാണ്. വരും ദിവസങ്ങളിൽ നിരക്കുകൾ ഇനിയും കൂടും. ഡിസംബറിൽ സ്കൂൾ അവധിയും ക്രിസ്മസ് സീസണും വരാനുള്ളതിനാൽ നിരക്കുകൾ കൂടാനാണ് സാധ്യത. ഒമാനിലെ ഇന്ത്യൻ സ്കൂൾ അധ്യാപകരിൽ ഭൂരിഭാഗവും 2019 ജൂണിൽ വേനൽ അവധിക്ക് നാട്ടിൽ പോയവരാണ്. കോവിഡ് പ്രതിസന്ധി കാരണം 2020 ജൂണിലും 2021 ജൂണിലും ഇവർക്ക് നാട്ടിൽ പോവാൻ കഴിഞ്ഞിട്ടില്ല. അതിനാൽ ഇൗ വിഭാഗത്തിൽപെട്ടവരിൽ വലിയ പങ്കും ക്രിസ്മസ് അവധിക്കാലത്ത് നാട്ടിൽ പോവാൻ സാധ്യതയുണ്ട്. നിലവിലെ അവസ്ഥയിൽ ജനുവരി പകുതിവരെ ടിക്കറ്റ് നിരക്കുകൾ ഉയർന്നു തന്നെ നിൽക്കും. വിമാന സർവിസുകൾക്ക് യാത്ര വിലക്കുകൾ പിൻവലിച്ചാൽ മാത്രമെ ഇതിന് മാറ്റം വരുകയുള്ളൂ. േകാവിഡ് പ്രതിസന്ധി തുടങ്ങുന്നതിനു തൊട്ടു മുമ്പ് ഒമാനിൽ ജോലി സ്ഥലത്ത് തിരിച്ചെത്തിയതാണെന്നും 20 മാസത്തിലധികമായി നാട്ടിൽ േപാവാൻ കഴിഞ്ഞിട്ടില്ലെന്നും കണ്ണൂർ സ്വദേശി ശിഹാബ് പറഞ്ഞു. രണ്ടു മാസം മുമ്പ് സ്ഥാപന ഉടമ ലീവ് അനുവദിച്ചിരുന്നെങ്കിലും രണ്ടു ഭാഗത്തും ഉയർന്ന നിരക്കായതിനാൽ നാട്ടിൽ പോവാൻ കഴിഞ്ഞിട്ടില്ല. ടിക്കറ്റ് സ്വന്തമായി എടുക്കുന്നതിനാൽ കുറഞ്ഞ ശമ്പളക്കാരനായ തനിക്ക് വലിയ നിരക്ക് നൽകി ടിക്കറ്റെടുക്കാൻ കഴിയില്ല. അതിനാൽ ടിക്കറ്റ് നിരക്കുകൾ കുറയുന്നതു വരെ കാത്തിരിക്കുക മാത്രമാണ് ചെയ്യാൻ കഴിയുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.