മസ്കത്ത്: കെ.എം. ഷാജിയുടെ പ്രതികരണം വിഭാഗീയതയായി കാണേണ്ടതില്ലെന്ന് എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്‍റ് അഡ്വ. ഫാത്തിമ തഹ്‌ലിയ. ഓരോ നേതാക്കൾക്കും അവരുടേതായ സംസാര ശൈലികളും രീതികളുമുണ്ട്. അതിന് ഗ്രൂപ്പ് രാഷ്ട്രീയമായി കാണേണ്ടെന്നും തഹ്‌ലിയ വ്യക്തമാക്കി.
മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ കെ.എം ഷാജിയെ ശാസിക്കുകയല്ല ചെയ്തത്. അച്ചടക്കമുള്ള നേതാവാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വിഭാഗീയതയുള്ള സംസാരമാണെന്ന രൂപത്തിൽ മാധ്യമങ്ങളുടെ ഇടയിൽ വരുന്നത് ശ്രദ്ധിക്കണമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ലീഗിൽ വിഭാഗീയതയുണ്ടായെന്ന് തനിക്ക് അഭിപ്രായമില്ല. ആദ്യം കുറച്ച് ആശയകുഴപ്പം ഉണ്ടായെങ്കിലും പ്രചാരണത്തെ അത് ബാധിച്ചിട്ടില്ല. ഒരു തെരഞ്ഞെടുപ്പിൽ നിരവധി ഘടകങ്ങൾ ഉൾപ്പെടുന്നുണ്ട്.
കോഴിക്കോട് സൗത്തിലെ തോൽവിയിൽ പാർട്ടി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. ആ റിപ്പോർട്ട് വന്ന ശേഷം വിഷയം ചർച്ച ചെയ്യാം. ഒരു വനിത മത്സരിച്ചത് കൊണ്ടാണ് പരാജയപ്പെട്ടതെന്ന് പറയാനാവില്ല. വനിതകൾക്ക് അനുകൂലമായ മണ്ഡലങ്ങളിൽ ഒന്നാണ് കോഴിക്കോട് സൗത്ത് എന്നും ഫാത്തിമ തഹ്ലിയ വ്യക്തമാക്കി.
മുസ് ലിം ലീഗ് ഇടതുപക്ഷത്തേക്ക് പോകുമെന്നുള്ളത് മാധ്യമ സൃഷ്ടിയാണ്. ഇക്കാര്യം മുതിർന്ന നേതാക്കൾ വിശദീകരിച്ചിട്ടുണ്ട്. ഊഹാപോഹങ്ങളുടെ പുറത്ത് നടക്കുന്ന ചർച്ചകളാണിതെന്നും വാർത്താസമ്മേളനത്തിൽ ഫാത്തിമ തഹ്ലിയ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.