മസ്കത്ത്: മസ്കത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഫൈവ്സ് ഹോക്കി ലോകകപ്പ്, ഒളിമ്പിക് യോഗ്യത ടൂർണമെന്റുകളുടെ ഔദ്യോഗിക മെഡിക്കൽ പങ്കാളികളായി ഒമാൻ ഹോക്കി അസോസിയേഷനും ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസും ഒപ്പുവെച്ചു. മസ്കത്തിലെ റൂവിയിലുള്ള ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസിന്റെ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ അബ്ദുൾ ലത്തീഫ് ഉപ്പളയും ഒമാൻ ഹോക്കി അസോസിയേഷൻ ചെയർമാൻ ഡോ. മർവാൻ അൽ ജുമയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ബദർ അൽ സമ എക്സിക്യൂട്ടീവ് ഡയറക്ടർ മൊയ്തീൻ ബിലാൽ, മാനേജ്മെന്ററിൽനിന്നുള്ള മറ്റു മുതിർന്ന അംഗങ്ങൾ, ഒമാൻ ഹോക്കി അസോസിയേഷൻ ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഒമാൻ ഹോക്കി അസോസിയേഷന്റെ ദീർഘകാല ഔദ്യോഗിക മെഡിക്കൽ പങ്കാളിയാണ് ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ്.
ഒമാൻ ഹോക്കി അസോസിയേഷന് വർഷങ്ങളായി ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് നൽകുന്ന ഗുണനിലവാരവും സമഗ്രവുമായ വൈദ്യസഹായത്തിൽ ഡോ. മർവാൻ അൽ ജുമാ സംതൃപ്തി രേഖപ്പെടുത്തി. ആഗോള കായിക ടൂർണമെന്റുകളുടെ വിപുലമായ പ്രോട്ടോക്കോളുകൾ പാലിച്ച് ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് മികച്ച മെഡിക്കൽ സേവനങ്ങൾ നൽകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒമാൻ ഹോക്കി അസോസിയേഷനുമായുള്ള ഈ പങ്കാളിത്തം നമ്മുടെ കായികതാരങ്ങളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് അബ്ദുൽ ലത്തീഫ് ഉപ്പള പറഞ്ഞു. ഈ ആഗോള ടൂർണമെന്റുകൾക്കായി കൈകോർക്കാൻ കഴിഞ്ഞത് ബഹുമതിയായിട്ടാണ് കാണുന്നത്. സ്പോർട്സ് മെഡിസിനോടുള്ള ഞങ്ങളുടെ വൈദഗ്ധ്യവും അർപ്പണബോധവും കളിക്കാരുടെ മികവിനായുള്ള അന്വേഷണത്തെ പിന്തുണക്കുന്നതിനും ഈ സഹകരണം നിർണായക പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക മെഡിക്കൽ പങ്കാളികൾ എന്ന നിലയിൽ, സ്പോർട്സ് മെഡിസിനിലെ ഞങ്ങളുടെ വൈദഗ്ധ്യം ആഗോളതലത്തിലേക്കു കൊണ്ടുവരുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്ന് ബദർ അൽ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ മൊയ്തീൻ ബിലാൽ, ഫിറസത്ത് ഹസ്സൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഫൈവ്സ് ഹോക്കി ലോകകപ്പിലും ഒളിമ്പിക് യോഗ്യതാ മത്സരങ്ങളിലും അന്താരാഷ്ട്ര കളിക്കാരുടെ ക്ഷേമത്തിനായുള്ള പ്രതിബദ്ധത അടിവരയിടുന്നതാണിതെന്നും ഇരുവരും പറഞ്ഞു.
പങ്കെടുക്കുന്ന ടീമുകളുടെ മത്സരങ്ങളും പരിശീലന സെഷനുകളും കവർ ചെയ്യുന്നതിനായി സ്പോർട്സ് മെഡിസിനിൽ വിദഗ്ധരുമായി ബദർ അൽ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസും ആരോഗ്യ മന്ത്രാലയവും ചേർന്ന് ടീമിന് രൂപം നൽകിയിട്ടുണ്ട്. ത്രിതല മെഡിക്കൽ സപ്പോർട്ട് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. ഗ്രൗണ്ട് മെഡിക്കൽ സപ്പോർട്ട് ലഭ്യമാണ്. ഗുരുതരമായ പരിക്കുകളെ പരിചരിക്കുന്നതിനായി ഹോക്കി സ്റ്റേഡിയത്തിൽ മെഡിക്കൽ റൂം സജ്ജീകരിച്ചിട്ടുണ്ട്. ആശുപത്രി ഷിഫ്റ്റിങ് ആവശ്യങ്ങൾക്കായി ആധുനിക സൗകര്യത്തോടെയുള്ള ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.