മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫ്രീസോൺ ആരംഭിക്കാൻ കരാർ ഒപ്പു വെച്ചു. സ്പെഷ്ൽ സോൺസ് ആൻഡ് ഫ്രീസോൺ പൊതു അതോറിറ്റിയും അസ്യാദ് ഗ്രൂപ്പും തമ്മിലാണ് സംബന്ധമായ കരാറിൽ കഴിഞ്ഞ ദിവസം എത്തിയത്. വിമാനത്താവളം കേന്ദ്രമാക്കി ആരംഭിക്കുന്ന ആദ്യ ഫ്രീസോൺ കൂടിയാണിത്.
ഈ ഫ്രീസോൺ പദ്ധതി രാജ്യത്തിന്റെ സാമ്പത്തിക മേഖല വൈവിധ്യവത്ക്കരിക്കാൻ സഹായകമാവും. ഒന്നാം ഘട്ടത്തിൽ 3,70,000 ചതുരശ്ര മീറ്റർ ഏരിയയിലാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി വൈദ്യുതി, വെളിച്ചം എന്നിവ എത്തിക്കാനുള്ള പദ്ധതിയാണ് നടക്കുന്നത്.
ഫ്രീസോൺ നിലവിൽ വരുന്നതോടെ ലോജിസ്റ്റിക്കിന്റെ അന്താരാഷ്ട്ര ഹബായി വിമാനത്താവളം മാറും. വിവിധ ഇനം ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുക, വിവിധ രാജ്യങ്ങളിലേക്കുള്ള ഉൽപന്നങ്ങൾ ഒമാൻ വഴി കയറ്റി അയക്കുക തുടങ്ങിയ നിരവധി പദ്ധതികൾ ഫ്രീ സോൺ മേഖലയിലുണ്ടാവും. കയറ്റുമതിക്കും മറ്റും അന്താരാഷ്ട്ര നിലവരമുള്ള ലോജിസ്റ്റിക് സംരംഭം ഒരുക്കുക എന്നിവയും പദ്ധതിയിൽ ഉൾപ്പെടും. എറ്റവും മികച്ച ഉപരിതല പശ്ചാത്തലമാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കുക. അതോടൊപ്പം മികച്ച വാണിജ്യ സൗഹൃദ പരിസ്ഥിതി ഒരുക്കുകയും ചെയ്യും. ഇവിടെ പ്രവർത്തിക്കുന്ന ചെറിയ വ്യവസായങ്ങൾക്ക് മസ്കത്ത് വിമാനത്താവളം ഉപയോഗപ്പെടുത്തി അന്താരാഷ്ട്ര തലത്തിൽ വളരാൻ കഴിയും. അതോടെ മറ്റ് തുറമുഖങ്ങളും അതിർത്തി കര പോർട്ടുകളും കമ്പനികൾക്ക് ഉപയോഗപ്പെടുത്താനാവും.
നിരവധി മേഖലകളിലുള്ള നിക്ഷേപ അവസരമാണ് മസ്കത്ത് വിമാനത്താവള ഫ്രീ സോണിൽ ഉണ്ടാവുക. ലോജിസ്റ്റിക്, വാണിജ്യ മേഖലകൾ, വെയർ ഹൗസുകൾ, ഓഫിസ് സൗകര്യങ്ങൾ വിവിധ തരം കയറ്റുമതി സൗകര്യങ്ങൾ എന്നിവ ഫ്രീസോണിലുണ്ടാവും.
ഫ്രീസോണിൽ നിക്ഷേപം നടത്തുന്നവർക്ക് നിരവധി ആനുകൂല്യങ്ങൾ ലഭിക്കും. 100 ശതമാനം വിദേശി ഉടമസ്ഥത, കയറ്റുമതി ഇറക്കുമതി നികുതിയിലെ പൂർണമായ ഇളവ്, മിനിമം മൂലധനം ആവശ്യമില്ലായ്മ, 15 വർഷക്കാലത്തേക്ക് വരുമാന നികുതി ഇളവ്, എല്ലാ പെർമിറ്റുകളും ലൈസൻസുകളും ലഭിക്കാൻ ഒറ്റ പോയന്റ് സേവനം തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.