മസ്കത്ത്: വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തിയും ബന്ധങ്ങൾ വിപുലപ്പെടുത്തിയും മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കിയും സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി ജർമൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമിയർ മടങ്ങി. ഉഭയകക്ഷി ബന്ധങ്ങളും സംയുക്ത താൽപര്യങ്ങൾക്കായി വിവിധ മേഖലകളിൽ അവയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും അവലോകനം ചെയ്തു.
ഇരു നേതാക്കളും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും പൊതു താൽപര്യങ്ങളെക്കുറിച്ചും വീക്ഷണങ്ങൾ കൈമാറുകയും ചെയ്തു. അൽ ആലം കൊട്ടാരത്തിൽ സുൽത്താൻ ഊഷ്മള വരവേൽപാണ് പ്രസിഡന്റിന് നൽകിയത്. സ്റ്റെയിൻമിയറിനും പത്നിക്കും സുൽത്താനും ഭാര്യ അസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അൽ ബുസൈദി അത്താഴ വിരുന്നും ഒരുക്കി. ഒമാൻ, ജർമൻ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുത്തു.
പ്രസിഡന്റ് ഡോ. ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമിയറിനും ഭാര്യക്കും പ്രതിനിധി സംഘത്തിനും പ്രൈവറ്റ് റോയൽ എയർപോർട്ടിൽ നൽകിയ യാത്രയയപ്പിന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി നേതൃത്വം നൽകി. ഗതാഗത ആശയവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ബിൻ ഹമൂദ് അൽ മഅ്വാലി, ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നവേഷൻ മന്ത്രി ഡോ. റഹ്മ ബിൻത് ഇബ്രാഹിം അൽ മഹ്റൂഖി, ജർമനിയിലെ ഒമാൻ അംബാസഡർ മൈത ബിൻത് സെയ്ഫ് അൽ മഹ്റൂഖി, ഒമാനിലെ ജർമൻ അംബാസഡർ ഡിർക്ക് ലോൽകെ എന്നിവർ പങ്കെടുത്തു.
ജർമൻ വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. ടോബിയാസ് ലിൻഡ്നർ, ഒമാനിലെ ജർമൻ അംബാസഡർ ഡിർക്ക് ലോൽകെ, പ്രസിഡന്റിന്റെ ഓഫിസിലെ ഫോറിൻ പോളിസി വിഭാഗം മേധാവി വുൾഫ്ഗാങ് സിൽബർമാൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരായിരുന്നു പ്രസിഡന്റിന്റെ അനുഗമിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.