മസ്കത്ത്: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ജർമൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമിയർ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളും സംയുക്ത താൽപര്യങ്ങൾക്കായി വിവിധ മേഖലകളിൽ അവയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും അവലോകനം ചെയ്തു. ഇരു നേതാക്കളും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും പൊതു താൽപര്യങ്ങളെക്കുറിച്ചും വീക്ഷണങ്ങൾ കൈമാറി.
ഒമാനി പക്ഷത്ത് മന്ത്രിമാരുടെ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ്, അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെ ഉപ പ്രധാനമന്ത്രിയും സുൽത്താന്റെ വ്യക്തിഗത പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലിം അൽ ഹബ്സി, പ്രൈവറ്റ് ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ബിൻ ഹമൂദ് അൽ മഅ്വാലി, ജർമനിയിലെ ഒമാൻ അംബാസഡർ മൈത ബിൻത് സെയ്ഫ് അൽ മഹ്റൂഖി എന്നിവർ പങ്കെടുത്തു.
ജർമനിയെ പ്രതിനിധാനം ചെയ്ത് വിദേശകാര്യ മന്ത്രാലയ സഹമന്ത്രി ഡോ. ടോബിയാസ് ലിൻഡ്നർ, ഒമാനിലെ ജർമൻ അംബാസഡർ ഡിർക്ക് ലോൽകെ, പ്രസിഡന്റിന്റെ ഓഫിസിലെ ഫോറിൻ പോളിസി വിഭാഗം മേധാവി വുൾഫ്ഗാംഗ് സിൽബർമാനും പങ്കെടുത്തു.
ഇതിനു ശേഷം സുൽത്താനും പ്രസിഡന്റും അടച്ചിട്ട മുറികളിൽ ചർച്ച നടത്തി. നേരത്തെ അൽ ആലം കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് ഊഷ്മള വരവേൽപ്പാണ് പ്രസിഡന്റിന് നൽകിയത്. റോയൽ ഗാർഡ് ഓഫ് ഒമാൻ (ആർ.ജി.ഒ) ബാൻഡ് മേളം, ആദരസൂചകമായി പീരങ്കികളുടെ 21 വെടിവെപ്പ് തുടങ്ങിയ ഔദ്യോഗിക ചടങ്ങുകളോടെയാണ് കൊട്ടാരത്തിലേക്ക് ആനയിച്ചത്.
തുടർന്ന് ജർമൻ പ്രസിഡന്റിനെ അനുഗമിക്കുന്ന ഔദ്യോഗിക പ്രതിനിധി സംഘത്തിലെ അംഗങ്ങൾക്ക് സുൽത്താൻ ഹസ്തദാനം നൽകി. അവർക്ക് സുഖകരമായ താമസം ആശംസിക്കുകയും ചെയ്തു. രാജകുടുംബത്തിലെ ചില അംഗങ്ങൾ, സ്റ്റേറ്റ് കൗൺസിൽ, ശൂറ കൗൺസിൽ ചെയർമാൻമാർ, മന്ത്രിമാർ, സുൽത്താന്റെ ആംഡ് ഫോഴ്സ് (എസ്.എ.എഫ്), റോയൽ ഒമാൻ പൊലീസ് കമാൻഡർമാർ എന്നിവരുമായി അതിഥി ഹസ്തദാനം ചെയ്തു.തിങ്കളാഴ്ച രാത്രിയോടെയാണ് സ്റ്റെയിൻമിയറും ഭാര്യ എൽ.കെ ബുഡൻബെൻഡറും സംഘവും ഒമാനിൽ എത്തിയത്. റോയൽ എയർപോർട്ടിലെത്തിയ ജർമൻ പ്രസിഡന്റിനെയും സംഘത്തെയും വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.
ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജി. സഈദ് ബിൻ ഹമൂദ് അൽ മഅ്വാലി, ഉന്നതവിദ്യാഭ്യാസ, ഗവേഷണ, ഇന്നവേഷൻ മന്ത്രി ഡോ. റഹ്മ ബിൻത് ഇബ്രാഹിം അൽ മഹ്റൂഖിയ്യ, ജർമനിയിലെ ഒമാൻ അംബാസഡർ മൈത ബിൻത് സെയ്ഫ് അൽ മഹ്റൂഖിയ, സുൽത്താനേറ്റിലെ ഒമാൻ അംബാസഡർ ഡിർക്ക് ലോൽകെ, മസ്കത്തിലെ ജർമൻ എംബസി അംഗങ്ങൾ എന്നിവരും പ്രസിഡന്റിനെയും സംഘത്തെയും വരവേൽക്കാനെത്തിയിരുന്നു. ജർമൻ വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. ടോബിയാസ് ലിൻഡ്നർ, ഒമാനിലെ ജർമൻ അംബാസഡർ ഡിർക്ക് ലോൽകെ, പ്രസിഡന്റിന്റെ ഓഫിസിലെ ഫോറിൻ പോളിസി വിഭാഗം മേധാവി വുൾഫ്ഗാംഗ് സിൽബർമാൻ, നിരവധി ഉദ്യോഗസ്ഥർ എന്നിവരാണ് പ്രസിഡന്റിനെ സംഘത്തിലുള്ളത്. സന്ദർശനം പൂർത്തിയാക്കി ബുധനാഴ്ച മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.