മസ്കത്ത്: ഒമാനിലെ മൂന്ന് നഗരങ്ങൾ യുനെസ്കോയുടെ ഗ്ലോബൽ നെറ്റ് വർക് ഓഫ് ലേണിങ് സിറ്റീസിൽ (ആഗോള പഠന നഗര ശൃംഖല) ഇടംപിടിച്ചു. മസ്കത്ത് വിലായത്ത്, നിസ്വ വിലായത്ത്, സൂർ വിലായത്ത് എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ടത്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലൈഫ് ലോങ് ലേണിങ്ങിൽ യുെനസ്കോ സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയിലാണ് ഇത് സംബന്ധമായ പ്രഖ്യാപനമുണ്ടായത്. പുതിയ പട്ടികയിൽ ഇടം പിടിച്ച ലോകത്തിലെ വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തിരുന്നു.
യുനെസ്കോ ഗ്ലോബൽ നെറ്റ് വൻക് ലേണിങ് സിറ്റീസ് 2012 ലാണ് ആരംഭിച്ചത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ ജീവിതകാലം നീളുന്ന പഠന സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയാണിത്. വിദ്യാഭ്യാസ നയം സംബന്ധമായ ചർച്ചകൾ, നഗര ഭരണ സംവിധാനവും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിൽ ബന്ധം സ്ഥാപിക്കൽ, ലോക നഗരങ്ങളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തൽ എന്നിവയാണ് ഗ്ലോബൽ നെറ്റ് വർക് പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്.
എല്ലാ വിഭാഗം ജനങ്ങളെയും പ്രാഥമിക വിദ്യാഭ്യാസത്തിൽനിന്ന് ഉന്നത വിദ്യാഭ്യാസത്തിലേക്ക് ഉയർത്താനുള്ള ബൃഹത്തായ പദ്ധതികൾ നടപ്പാക്കുകയും നെറ്റ്വർക് ഓഫ് ലേണിങ് സിറ്റീസിന്റെ ലക്ഷ്യമാണ്. പഠന പരിപാടികൾ കുടുംബത്തിലും സമൂഹത്തിലും നടപ്പാക്കുക, ജോലിക്ക് വേണ്ടി പഠന സൗകര്യമുണ്ടാക്കുക, ജീവിത കാലം മുഴുവൻ പഠിക്കുക എന്ന സംസ്കാരം ഉണ്ടാക്കാനായി ആധുനിക പഠനോപകരണങ്ങൾ തയാറാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഇത് വ്യക്തികളെയും സമൂഹത്തെയും സാമ്പത്തിക സാംസ്കാരിക മേഖലയെയും പുരോഗതിയിലേക്ക് നയിക്കും. ഒമാനിലെ ജനങ്ങളുടെ വിദ്യാഭ്യാസ മേഖലയിലെ പുരോഗതിക്കായി ദേശീയ വിദ്യാഭ്യാസ, സാംസ്കാരിക, ശാസ്ത്ര കമീഷൻ ഒമാൻ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ വിവിധ പദ്ധതികളും പരിപാടികളുമാണ് ഒമാന് ഈ അംഗീകാരം നേടിക്കൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.