മസ്കത്ത്: മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയുടെ സുവര്‍ണജൂബിലി ആഘോഷ സമാപനവും ജൂബിലി പദ്ധതി കൈമാറ്റവും തണല്‍ ജീവകാരുണ്യ പദ്ധതികളുടെ സമാപനവും മാര്‍ തേവോദോസ്യോസ് പുരസ്കാരദാനവും സംയുക്തമായി സംഘടിപ്പിച്ച ‘സമര്‍പ്പണം-23’ പ്രൗഢവും വര്‍ണാഭവുമായ ചടങ്ങുകളോടെ നടന്നു. ക്രിസ്ത്യന്‍ പരമ്പരാഗത വേഷവിധാനങ്ങളും മുത്തുക്കുടകളും സഭാചിഹ്നങ്ങളും ഫ്ലോട്ടുകളുമടക്കം അണിനിരന്ന ഘോഷയാത്രയോടെ വിശിഷ്ടാതിഥികളെ സമ്മേളനനഗരിയായ സെന്റ് തോമസ് ചര്‍ച്ചിലേക്ക് സ്വീകരിച്ചു. പൊതുസമ്മേളനം ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അമിത് നാരങ്ക് ഉദ്ഘാടനം ചെയ്തു. സഭയുടെ മുംബൈ ഭദ്രാസനാധിപനും ഇടവകയുടെ മുന്‍ മെത്രാപ്പോലീത്തയുമായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനി അധ്യക്ഷത വഹിച്ചു.
50 വര്‍ഷങ്ങള്‍ക്ക് മുമ്പ് മലങ്കരസഭക്ക് ആരാധനാസ്വാതന്ത്ര്യവും പിന്നീട് ദേവാലയം നിര്‍മിക്കാനും അനുമതി നല്കിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ദീപ്തസ്മരണകള്ക്കും എല്ലാ പിന്തുണയും സഹായവും നല്കുന്ന ഇപ്പോഴത്തെ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിനും ആദരവ് സമര്‍പ്പിക്കുന്നതായി അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.
സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ അനുഗ്രഹപ്രഭാഷണവും ഇടവക മെത്രാപ്പോലീത്ത അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ തേയോഫിലോസ് തിരുമേനിയുടെ സന്ദേശവും ചടങ്ങില്‍ സംപ്രേഷണം ചെയ്തു. മലയാളത്തിന്റെ നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കര്‍ വിശിഷ്ടാതിഥിയായി.
വിവിധ മേഖലകളില്‍നിന്നുള്ള വ്യക്തിത്വങ്ങളും പങ്കെടുത്ത ചടങ്ങില്‍ പ്രമുഖ മനുഷ്യാവകാശ-സാമൂഹിക പ്രവര്‍ത്തക ദയാബായിക്ക് മാര്‍ തേവൊദോസ്യോസ് തണല്‍ പുരസ്കാരം സമ്മാനിച്ചു. സുവര്‍ണജൂബിലി പദ്ധതികളുടേയും പരിപാടികളുടേയും വിവരണം ജനറല്‍ കണ്‍വീനര്‍ എബ്രഹാം മാത്യു നിര്‍വഹിച്ചു. സ്ഥാപക അംഗങ്ങളെ ആദരിക്കല്‍, സുവര്‍ണജൂബിലി സുവനീര്‍ പ്രകാശനം, ഡോക്യുമെന്ററി സ്വിച്ച് ഓണ്‍ കര്‍മം എന്നിവയും നടത്തി. സുവര്‍ണജൂബിലി സ്മരണികയായി പുറത്തിറക്കിയ ഘടികാരം വിശിഷ്ടാതിഥികള്‍ക്ക് സമ്മാനിച്ചു.
ചടങ്ങില്‍ ഇടവക വികാരി ഫാ. വര്‍ഗീസ് റ്റിജു ഐപ്പ് സ്വാഗതവും സഹവികാരി ഫാ. എബി ചാക്കോ പ്രാരംഭ പ്രാര്‍ഥനയും സെക്രട്ടറി ബിജു പരുമല നന്ദിയും ട്രസ്റ്റി ജാബ്സണ്‍ വര്‍ഗീസ്, കോട്രസ്റ്റി ബിനു കുഞ്ചാറ്റില് എന്നിവര്‍ സംബന്ധിച്ചു. പൊതുസമ്മേളനത്തിന് ശേഷം പിന്നണിഗായകന്‍ ലിബിന് സ്കറിയയും സംഘവും അവതരിപ്പിച്ച ക്രിസ്തീയ ഭക്തിഗാന സന്ധ്യയും അരങ്ങേറി. ഇടവക ഭരണസമിതി, സുവര്‍ണജൂബിലി സമിതി, ആധ്യാത്മിക സംഘടനകള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.