മസ്കത്ത്: ഗൾഫ് മാധ്യമം ‘ഹാർമോണിയസ്’ കേരളയുടെ അഞ്ചാം പതിപ്പ് കളറാക്കാനെത്തുന്നത് വെള്ളിത്തിരയിലേയും മറ്റും ഒരുപിടി മിന്നും താരങ്ങൾ.
ശ്രദ്ധേയമായ കഥാപത്രങ്ങളിലൂടെയും ശക്തമായ നിലപാടുകളിലൂടെയും പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ പാർവതി തിരുവോത്ത്, യുവ നടികളിലെ ശ്രദ്ധേയയായ അനാർക്കലി മരക്കാർ, പാട്ടിന്റെ പാലാഴി തീർക്കാൻ പിന്നണി ഗായകരായ വിധു പ്രതാപ്, മൃദുല വാര്യർ, അക്ബർ ഖാൻ, ശ്രീജിഷ് സുബ്രഹ്മണ്യൻ, ശിഖ പ്രഭാകരൻ.
വയലിനിസ്റ്റ് വേദ മിത്ര, കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരം കൗഷിക്, ചടുല നൃത്തച്ചുവടുകളുമായി റംസാൻ മുഹമ്മദ്, അനുകരണ കലയിലെ പകരംവെക്കാനില്ലാത്ത കലാകാരൻ മഹേഷ് കുഞ്ഞിമോൻ എന്നിവരാണ് കളിയും ചിരിയും ചിന്തയും പകർന്ന് മസ്കത്തിനോട് കൂട്ടുകൂടാനെത്തുന്നത്. പരിപാടിയുടെ അവതാരകനായി മിഥുൻ രമേശും കൂടെയുണ്ടാകും.
ഒത്തൊരുമയുടെയും ഐക്യത്തിന്റെയും സന്ദേശങ്ങൾ പകർന്ന് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’ അഞ്ചാം പതിപ്പ് നവംബർ എട്ടിന് മസ്കത്ത് ഖുറം സിറ്റി ആംഫി തിയറ്ററിലാണ് നടക്കുന്നത്. മുൻ പതിപ്പുകളിൽനിന്ന് വ്യത്യസ്തമായി കെട്ടിലും മട്ടിലും ഏറെ പുതുമയോടെയാണ് ഹാർമോണിയസ് കേരള മസ്കത്തിന്റെ മണ്ണിലേക്ക് വീണ്ടുമെത്തുന്നത്.
ലോകസമാധാനത്തിനും ഐക്യത്തിനും വേണ്ടി എന്നും നിലകൊള്ളുന്ന സുൽത്താനേറ്റിലേക്ക് ഇന്ത്യയുടെ സാഹോദര്യ സന്ദേശവുമായി ഹാർമോണിയസ് കേരള എത്തുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉറ്റബന്ധത്തിന്റെയും അടയാളപ്പെടുത്തലാകും. ഗൾഫ് മാധ്യമം രജത ജൂബിലി ആഘോഷ നിറവിലാണ് ഹാർമോണിയസ് കേരള ഇത്തവണ കൊണ്ടാടുന്നത്.
രജത ജൂബിലിയുടെ ഒമാൻ തല ആഘോഷങ്ങൾക്ക് കൂടിയാണ് ഹാർമോണിയസ് കേരളയിലൂടെ തുടക്കമാകുന്നത്. ‘ഹാർമോണിയസ് കേരള’ക്ക് മുന്നോടിയായി വിവിധ സാമൂഹിക, സംസ്കാരിക പരിപാടികളും റോഡ് ഷോയും നടക്കും. പരിപാടിയുടെ ടിക്കറ്റ് വിൽപനക്ക് തുടക്കമായിട്ടുണ്ട്. പത്ത് റിയാൽ(ഡയമണ്ട്), അഞ്ച് റിയാൽ (പ്ലാറ്റിനം), മൂന്ന് റിയാൽ (ഗോൾഡ്) എന്നീ നിരക്കുകളിൽ ടിക്കറ്റുകളിൽ ലഭ്യമാണ്. ടിക്കറ്റുകൾക്കായി 9562 9600, 9604 2333 ഈ നമ്പറുകളിൽ ബന്ധപ്പെടാം.
ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ്, ലുലു ഹൈപ്പർമാർക്കറ്റ്, സീപേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട്, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് എന്നിവരാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.