മസ്കത്ത്: പ്രമുഖ ഓൺലൈൻ പേമെന്‍റ് സേവനദാതാക്കളായ ഒനീക് (ഒമാൻ നാഷനൽ എൻജിനീയറിങ് ആൻഡ് ഇൻവെസ്റ്റ്‌മെൻറ് കമ്പനി) ഇ-ബിസിനസും ഗൾഫ് മാധ്യമത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘മീഫ്രണ്ടും’ സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായി. ഒമാനിലെ ബിസിനസ് സംരംഭകർക്ക് തങ്ങളുടെ ബ്രാൻഡുകളും ഓഫറുകളുമെല്ലാം ലക്ഷക്കണക്കിന് ഉപഭോക്താക്കളിലെത്തിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്. ധാരണയനുസരിച്ച് ഒമാനിലെ ബിസിനസ് സംരംഭങ്ങളുടെ സേവനങ്ങളും ഓഫറുകളും ഡീലുകളും എളുപ്പത്തിൽ എല്ലാ ഉപഭോക്താക്കളിലുമെത്തുന്നവിധം ഒനീക് പേയിൽ ലഭ്യമാകും. ഇതോടെ ഒമാനിലെ ഏറ്റവും വലിയ ബിസിനസ് പ്ലാറ്റ്ഫോമായി ഒനീക് പേ മാറും.
ഒനീക്കിനുവേണ്ടി ഐ.ടി ആൻഡ് ഇ-ബിസിനസ് ജനറൽ മാനേജർ എൻജി. അസീസ് അൽ ഹസാനിയും ‘മീഫ്രണ്ടി’നുവേണ്ടി ബിസിനസ് ഓപറേഷൻസ് ഗ്ലോബൽ ഹെഡ് കെ. മുഹമ്മദ് റഫീഖും ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഒമാനിലെ മൂന്ന് ലക്ഷം ചതുരശ്ര കീലോമീറ്ററിൽ ഉപഭോക്തൃ ശൃംഖലയുള്ള ഒനീക് പേയുടെ സേവന മികവിന് ‘മീഫ്രണ്ടു’മായുള്ള സഹകരണം മുതൽക്കൂട്ടാകുമെന്ന് എൻജി. അസീസ് അൽ ഹസാനി വ്യക്തമാക്കി. ഗൾഫ് മാധ്യമം 25ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഒനീക്കുമായുള്ള സഹകരണ കരാർ സുപ്രധാന ചുവടുവെപ്പാണെന്ന് കെ. മുഹമ്മദ് റഫീഖ് പറഞ്ഞു. ഒനീക് ഇ-ബിസിനസ് സീനിയർ മാനേജർ ഹയാത്ത് അൽ ബലൂഷി, ‘മീഫ്രണ്ട്’ പ്രോജക്ട് ഹെഡ് മുഹ്സിൻ എം. അലി, ഗൾഫ് മാധ്യമം ഒമാൻ മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ എന്നിവരും സന്നിഹിതരായിരുന്നു. അഞ്ച് ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ഒനീക് പേയിലേക്ക് ഒമാനിലെയും മറ്റ് ജി.സി.സി രാജ്യങ്ങളിലെയും സംരംഭങ്ങളുടെ സേവനങ്ങളും മറ്റ് വിവരങ്ങളും ലഭ്യമാക്കുന്നതിലൂടെ ബിസിനസ് മെച്ചപ്പെടുത്താനുള്ള പുതിയ ലോകമാണ് തുറക്കപ്പെടുക. മാർക്കറ്റിങ് സേവനദാതാക്കളായതുകൊണ്ടുതന്നെ ‘മീഫ്രണ്ട്’ കൊണ്ടുവരുന്ന പ്രത്യേക ഓഫറുകളും മറ്റും ഒനീക് പേയുടെ വരിക്കാർക്കും ലഭിക്കും. ഒമാനിലുള്ളവർക്ക് പ്രയോജനകരമായ പ്രധാന അറിയിപ്പുകളും ഹെൽപ് ലൈൻ സേവനവുമെല്ലാം വിരൽത്തുമ്പിൽ ലഭിക്കുമെന്നതാണ് കരാറിന്റെ മറ്റൊരു നേട്ടം.
എൻജിനീയറിങ്, യൂട്ടിലിറ്റി സേവനങ്ങൾ, നിക്ഷേപം എന്നീ മേഖലകളിൽ 1978 മുതൽ ഒമാനിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയാണ് ഒനീക്. ജല-വൈദ്യുതി-ടെലിഫോൺ ബില്ലുകൾ, ആർ.ഒ.പി സർവിസുകൾ തുടങ്ങിയവ അടക്കാനായി ഒമാനിലെ സ്വദേശികളും വിദേശികളും ഒനീക്കിനെയാണ് ആശ്രയിക്കുന്നത്. നാലര പതിറ്റാണ്ടിലേറെ പ്രവർത്തനപാരമ്പര്യമുള്ള സ്ഥാപനത്തിന് സുൽത്താനേറ്റിലുടനീളം 95ലധികം ഓഫിസുകളാണുള്ളത്. ബിൽ ആൻഡ് പേ ആപ്, കിയോസ്ക്, ഡയറക്ട് ബാങ്കിങ്, എം-പോസ്, വെബ്സൈറ്റ് എന്നിവയിലൂടെയാണ് ഒനീക്കിന്റെ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത്.
പ്രവാസികൾ അറിഞ്ഞിരിക്കേണ്ട ജി.സി.സിയിലെ എല്ലാ വിശേഷങ്ങളും വിവരങ്ങളും എത്തിക്കുന്ന വിശ്വസ്ത സുഹൃത്ത് എന്ന ആശയത്തിലാണ് ഗൾഫ് മാധ്യമം ‘മീഫ്രണ്ട്’ ആപ് വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഒരു ബിസിനസ് സർവിസ് പ്ലാറ്റ്ഫോം എന്ന നിലക്ക് സൗദി അറേബ്യയിൽ ‘മീഫ്രണ്ട്’ആപ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ‘മീഫ്രണ്ട്’ അധികം വൈകാതെ ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലും അവതരിപ്പിക്കും. സ്വദേശികൾക്കും പ്രവാസികൾക്കും പ്രയോജനകരമായ യൂട്ടിലിറ്റി സേവനങ്ങൾ, പ്രമോഷൻസും ഓഫറുകളും ഡീലുകളും സംബന്ധിച്ച വിവരങ്ങൾ, മാർക്കറ്റിങ് സൊല്യൂഷൻസ്, പ്രധാന വാർത്തകളും അറിയിപ്പുകളും, ഹെൽപ് ലൈൻ, ഇവന്റുകൾ, ക്ലയന്റ് ആക്ടിവേഷൻ പരിപാടികൾ തുടങ്ങിയവയാണ് ‘മീഫ്രണ്ടി’ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.