മസ്കത്ത്: തികച്ചും മതനിരപേക്ഷ പശ്ചാത്തലത്തിൽ വളർന്നുവന്ന താനടക്കമുള്ളവരുടെ ഐഡൻറിറ്റി എടുത്തുപറയുന്നത് ഒതുക്കി നിർത്തുന്നതിന്റെയും അപരവത്കരണത്തിന്റെയും ഭാഗമാണെന്ന് പ്രസിദ്ധ സിനിമ സംവിധായകൻ കമൽ. ഹാർമോണിയസ് കേരളയുടെ ഭാഗമായി മസ്കത്തിലെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. തന്റെ മാത്രമല്ല അടുത്തിടെ തമിഴ് നടൻ വിജയിയുടെയും ഐഡൻറിറ്റി ഇക്കൂട്ടർ എടുത്തുപറഞ്ഞിരുന്നു. ഇടതുപക്ഷ, പുരോഗമന പ്രസ്ഥാനത്തോട് ചേർന്നുനിന്നവരാണ് എന്റെ മാതാവിന്റെ കുടുംബം. കമാലുദ്ദീൻ എന്ന് പേരുള്ള എന്നെ കമൽ എന്നാണ് വീട്ടിൽ വിളിച്ചിരുന്നത്. സിനിമയിൽ ആ പേരുതന്നെ തുടരുകയായിരുന്നു. അടുത്ത് പ്രവർത്തിക്കുന്നവർക്കുപോലും തന്റെ പേര് കമാലുദ്ദീനാണെന്ന് അറിയില്ലായിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുത്തതോടെയാണ് തന്റെ ഐഡൻറിറ്റി പുറത്തുവന്നത്. ഇപ്പോൾ ചില സംഘടനയുടെ പ്രതിനിധികൾ ചാനൽ ചർച്ചയിലെല്ലാം എന്നെ കമാലുദ്ദീൻ എന്നാണ് വിളിക്കുന്നത്.
സവർണ ബിംബങ്ങൾ ഉപയോഗിച്ചിട്ടില്ല
പ്രേക്ഷകർക്കുവേണ്ടി സിനിമ എടുത്തതുകൊണ്ടാണ് പല സിനിമകളും ഹിറ്റായത്. സൂപ്പർ സ്റ്റാർ നായകരുടെ സ്വീകാര്യത ഉപയോഗപ്പെടുത്തി പലരും സിനിമ ചെയ്തിരുന്നു. ഒരുകാലത്ത് സഹപ്രവർത്തകരിൽ പലരും ആണധികാരമുളള സിനിമകൾ എടുത്തിരുന്നു. സവർണ ബിംബങ്ങളുള്ള നിരവധി സിനിമകളും പലരും സംവിധാനം ചെയ്തിരുന്നു. ഇതിൽനിന്ന് വഴിമാറിയ സിനിമകളാണ് ഞാൻ സംവിധാനം ചെയ്തിരുന്നത്. അവയിൽ ചിലത് സ്വീകാര്യത നേടിയപ്പോൾ സൂപ്പർ ഹിറ്റാവുകയായിരുന്നുവെന്ന് കമൽ പറഞ്ഞു. പുതിയ സംവിധായകർ പലരും നിത്യജീവിതത്തിൽ അനുഭവിക്കുന്ന യാഥാർഥ്യങ്ങളാണ് സിനിമയിൽ വിഷയങ്ങളാക്കുന്നത്. അതിൽ അവർ വിജയിക്കുകയും ചെയ്യുന്നുണ്ട്. വീട്ടകങ്ങളിലെ സ്ത്രീകൾ അനുഭവിക്കുന്ന വേദനകൾ സിനിമയിൽ ഏറെ പരമാർശിക്കപ്പെട്ടിരുന്നു. ജയ ജയ ജയ്ഹേ, ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്നിവ ഇതിന്റെ ഉദാഹരണങ്ങളാണ്.
സിനിമയിൽ ഒന്നും ആഗ്രഹിച്ച് വന്നതല്ല. ഒരു സിനിമ സംവിധാനം ചെയ്യണമെന്ന മോഹം മാത്രമാണ് മനസ്സിലുണ്ടായിരുന്നത്. ഇത്രയും സിനിമകൾ ചെയ്യാൻ കഴിഞ്ഞു എന്നതുതന്നെ ഏറെ സന്തോഷം നൽകുന്നതാണ്. 50 ശതമാനം പ്രേക്ഷകർ എന്നെ ഇഷ്ടപ്പെടുന്നുണ്ട്. ഇത് വലിയ അംഗീകാരമാണ്. ഒരു ശരാശരി സംവിധായകന് ഇതിൽ കൂടുതലൊന്നും ആഗ്രഹിക്കാൻ കഴിയില്ല. നായക സങ്കൽപം മാറുന്നുവെന്നത് മലയാള സിനിമയിലെ പ്രധാന മാറ്റമാണ്. മമ്മൂട്ടി അടക്കമുള്ള നടന്മാർ ഇതിന് തയാറാവുന്നു എന്നതും വലിയ കാര്യമാണ്. ‘പുഴു’ പോലുള്ള സിനിമയിൽ മമ്മൂട്ടി അഭിനയിക്കാൻ തയാറായത് എടുത്തുപറയണ്ടേതാണ്. സിനിമയിലെ താര സമ്പ്രദായം മാറേണ്ടതുണ്ട്. ഇത് മാറാതെ സിനിമയിൽ മാറ്റമുണ്ടാവില്ല. ഇന്നും സിനിമയുടെ മൂല്യം നിർണയിക്കുന്നത് താരങ്ങളാണെന്നും കമൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.