മസ്കത്ത്: ‘ഹാർമോണിയസ് കേരള’ പരിപാടിക്കെത്തിയ മസ്കത്തിലെ സദസ്സിന് മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരന്മാർ സമ്മാനിച്ചത് അവിസ്മരണീയ പ്രകടനങ്ങളായിരുന്നു. സംഗീതവും ഹാസ്യവും ചേർന്നൊഴുകിയ സായാഹനത്തിൽ എല്ലാവരും പ്രേക്ഷകരുടെ നിറഞ്ഞ കൈയടി നേടി. എന്നാൽ, കൂട്ടത്തിൽ ചെറുപ്രായക്കാരനായ കൗഷിക് സദസ്സിനെ ഇളക്കി മറിച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ആദ്യ ഗാനവുമായി വേദിയിലെത്തിയ കൗഷിക് സദസ്സിലേക്ക് ഇറങ്ങി എല്ലാവരെയും ഒപ്പം പാടിച്ചാണ് പ്രകടനം തുടങ്ങിയത്. പിന്നീട് വിധു പ്രതാപ്, അക്ബർ ഖാൻ, ശിഖ പ്രഭാകരൻ എന്നിവരോടൊപ്പം ചേർന്നുപാടിയ പാട്ടുകളും ഹാർഷാരവത്തോടെയാണ് സ്വീകരിച്ചത്.
പരിപാടിക്കുശേഷം പ്രതികരിച്ച പ്രേക്ഷകരിൽ ഏറെയും പ്രശംസിച്ചത് കൗഷികിനെ തന്നെയായിരുന്നു. കുട്ടിത്തവും ഓരോ പാട്ടിലും പ്രകടിപ്പിച്ച എനർജിയും പലരും എടുത്തുപറഞ്ഞു. ഒരിടവേളക്കുശേഷം മസ്കത്തിലെ വേദിയിൽ അതിജീവനത്തിന്റെ സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടെത്തിയ ഹാസ്യകലാകാരൻ മഹേഷ് കുഞ്ഞുമോനും സദസ്സിന്റെ ഹൃദയം കവർന്നാണ് മടങ്ങിയത്.
വാഹനാപകടത്തിൽനിന്ന് അതിജീവിക്കാൻ സാധിച്ചത് എല്ലാവരുടെയും പ്രാർഥനയുടെ ഫലമായാണെന്നും എല്ലാവർക്കും നന്ദിയുണ്ടെന്നും പറഞ്ഞുകൊണ്ട് തുടങ്ങിയ മഹേഷ്, ചിരിയുടെ മാലപ്പടക്കംപൊട്ടിച്ചാണ് മിമിക്രി അവതരണം നടത്തിയത്. രമേശ് പിഷാരടി, ഗോപിനാഥ് മുതുകാട്, പിണറായി വിജയൻ തുടങ്ങിയവരുടെ ശബ്ദാനുകരണം പ്രേക്ഷകർക്ക് ഹരം പകരുന്നതായിരുന്നു.
ഒരു പിടി ഗാനങ്ങളുമായി വേദിയിലെത്തിയ അനാർക്കലി മരക്കാർ, മൃദുല വാര്യർ, ശ്രീജിഷ് സുബ്രഹ്മണ്യൻ, വയലിനിലും പാട്ടിലും സദസ്സിനെ അൽഭുതപ്പെടുത്തിയ വേദ മിത്ര, ചടുല നൃത്ത ചുവടുകളുമായെത്തിയ റംസാൻ മുഹമ്മദ് എന്നിവരുടെയും പ്രകടനം മികവുറ്റതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.