മസ്കത്ത്: 2023-24 അധ്യയന വർഷത്തിലെ ആദ്യ അലോക്കേഷനിൽ മൊത്തം 27,629 വിദ്യാർഥികൾക്ക് പ്രവേശനം ലഭിച്ചതായി ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവേഷൻ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ പ്രവേശനകേന്ദ്രം അറിയിച്ചു. ഒമാനിലും വിദേശത്തും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്കോളർഷിപ്പുകൾ, പഠന അലവൻസുകൾ എന്നിവവഴി പ്രവേശനം നേടിയവരും ഇതിലുൾപ്പെടും.
നിലവിൽ ലഭ്യമായ സീറ്റുകളിൽ 93 ശതമാനത്തിലും അഡ്മിഷൻ പൂർത്തിയായതായി മന്ത്രാലയം അറിയിച്ചു.പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് അവരുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ആഗസ്റ്റ് 23 വരെ ഒരാഴ്ച സമയം നൽകുമെന്ന് വിദ്യാഭ്യാസ പ്രവേശനകേന്ദ്രം ഡയറക്ടർ ജനറൽ ഡോ. ഹമദ് ഖൽഫാൻ അൽ നുഅ്മാനി അറിയിച്ചു. വിദ്യാർഥികൾക്ക് കേന്ദ്രത്തിന്റെ പോർട്ടൽ വഴിയും മറ്റ് ഇലക്ട്രോണിക് ചാനലുകൾ വഴിയും രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവേശനം നേടിയ മൊത്തം വിദ്യാർഥികളുടെ 55.6 ശതമാനം പേർ സർക്കാർ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് അഡ്മിഷൻ നേടിയത്.
42.2 ശതമാനം പ്രവേശനത്തിന് ഇന്റേണൽ സ്റ്റഡി ഗ്രാൻഡും 2.2 ശതമാനം പേർക്ക് വിദേശപഠനത്തിനുള്ള സ്കോളർഷിപ്പും നൽകിയിട്ടുണ്ടെന്നും അൽ നുഅ്മാനി പ്രസ്താവിച്ചു. സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ മേഖലയിലെ കമ്പനികളും വാഗ്ദാനംചെയ്യുന്ന സ്കോളർഷിപ് സീറ്റുകളുടെ എണ്ണം കഴിഞ്ഞവർഷം നൽകിയ അത്തരം സ്കോളർഷിപ്പുകളെ അപേക്ഷിച്ച് 59.4 ശതമാനം വർധിച്ചതായി അൽ നുഅ്മാനി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.