മസ്കത്ത്: വിദ്യാർഥികളിൽ പാഠ്യേതര പ്രവർത്തനങ്ങളും ശാസ്ത്ര അവബോധവും വളർത്തുന്നതിെൻറ ഭാഗമായി തുടങ്ങിയ ഹൈഡ്രോപോണിക്സ് കൃഷി പദ്ധതി മസ്കത്ത് ഇന്ത്യൻ സ്കൂളിൽ വിപുലപ്പെടുത്തുന്നു. മണ്ണില്ലാതെ, ആവശ്യമായ പോഷകങ്ങൾ വെള്ളത്തിലൂടെ നൽകി സസ്യങ്ങളെ വളർത്തിയെടുക്കുന്ന രീതിയാണ്ഹൈഡ്രോപോണിക്സ്. മണ്ണിൽനിന്നുണ്ടാകുന്ന രോഗങ്ങളും കീടബാധയും ഈ കൃഷിരീതിയിൽ ഒരു പരിധിവരെ ഒഴിവാക്കാനാകും. മാത്രമല്ല, മണ്ണിൽ നടുമ്പോഴത്തേതുപോലെ നിശ്ചിത അകലം വേണമെന്നില്ല.
വളരെ അടുത്ത് തന്നെ ചെടികൾ വെക്കാനും സാധിക്കും. അതിനാൽ കുറഞ്ഞ സ്ഥലത്ത് തന്നെ വലിയ വിളവുണ്ടാകാം. നിലവിൽ രണ്ട് യൂനിറ്റ് കൃഷിയാണ് സ്കൂളിലുള്ളത്. തുളസി, പൊതിന തുടങ്ങിയ ഇനങ്ങളാണ് ഇവിടെ വളർത്തുന്നത്. അധ്യാപകരുടെ മേൽനോട്ടത്തിൽ ഗ്രൂപ്പുകളായി തിരിഞ്ഞ് വിദ്യാർഥികളാണ് കൃഷിയെ പരിപാലിക്കുന്നത്. വിദ്യാർഥികൾക്ക് കൃഷി നടത്തിപ്പുമായി ബന്ധപ്പെട്ട് നന്മ കൃഷിക്കൂട്ടവുമായി സഹകരിച്ച് പരിശീലനവും നൽകിയിരുന്നു.
ഒാൺലൈനായി നടന്ന പരിപാടിയിൽ റിസോഴ്സ്പേഴ്സൻ വി. ജയസൂര്യയായിരുന്നു ക്ലാസിന് നേതൃത്വം നൽകിയത്. സ്കൂളിൽ 2017ലാണ് ഹൈഡ്രോപോണിക്സ് പദ്ധതിക്ക് തുടക്കമിടുന്നത്. ഒമാനിലെ അന്നത്തെ ഇന്ത്യൻ അംബാസഡറായിരുന്ന എച്ച്.ഇ. ഇന്ദ്രമണി പാണ്ഡെ ആയിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. കോവിഡിനെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച പദ്ധതിയാണ് കൂടുതൽ മികവോടെ വീണ്ടും പുനരാരംഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.