മസ്കത്ത്: ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) വടക്കൻ ബാത്തിന ഗവർണറേറ്റിലെ ശാഖ ഇന്ത്യയിൽ നിന്നുള്ള ബിസിനസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. സന്ദർശക സംഘത്തിൽ 30പേരായിരുന്നു ഉണ്ടായിരുന്നത്. ഭക്ഷ്യവസ്തുക്കൾ, കൃഷി, നിർമാണ സാമഗ്രികൾ, സൗന്ദര്യവർധക വസ്തുക്കൾ, മരുന്ന്, പ്ലാസ്റ്റിക്, തുണിത്തരങ്ങൾ, പെട്രോളിയം ഉൽപന്നങ്ങൾ, ആഭരണങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിൽ ബിസിനസ് പങ്കാളിത്തം സ്ഥാപിക്കാനാണ് യോഗത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്.
വ്യാപാര സഹകരണം വിപുലീകരിക്കുന്നതിനും വൈദഗ്ധ്യവും വിവരങ്ങളും കൈമാറുന്നതിനും സംയുക്ത നിക്ഷേപ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുമായി ഒമാനിലെയും ഇന്ത്യയിലെയും ബിസിനസുകാർ തമ്മിൽ ചർച്ച പാനലുകളും ബി ടു ബി മീറ്റിങ്ങുകളും നടന്നു.
ഒമാനും ഇന്ത്യയും തമ്മിലുള്ള വ്യാപാര വിനിമയം കഴിഞ്ഞ ജൂൺ അവസാനത്തോടെ മൂന്ന് ശതകോടി ഡോളറിലധികം എത്തിയതായി ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ വടക്കൻ ബാത്തിന ഗവർണറേറ്റ് ബ്രാഞ്ചിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ സഈദ് ബിൻ അലി അൽ അബ്രി പറഞ്ഞു.
ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കാനും ഇരുരാജ്യങ്ങളുടെയും സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കാനും ഇന്ത്യ ഉത്സാഹത്തോടെ പരിശ്രമിക്കുന്നുണ്ടെന്ന് ഇന്ത്യൻ കയറ്റുമതി സംഘടനകളുടെ റീജിനൽ ഫെഡറേഷൻ പ്രസിഡന്റും ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ തലവനുമായ പരേഷ് മേത്ത ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.