മസ്കത്ത്: ഇന്ത്യ തദ്ദേശീയമായി നിർമിച്ച കൂറ്റൻ പ്രതിരോധ കപ്പൽ ഐ.എൻ.എസ് വിശാഖപട്ടണം മസ്കത്ത് തീരത്തെത്തി. ഇന്ത്യയും ഒമാനും തമ്മിലെ നാവിക മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനമെന്ന് ഇന്ത്യൻ നേവി പ്രസ്താവനയിൽ പറഞ്ഞു.
മേഖലയിലെ സമുദ്രാന്തര രംഗത്തെ വെല്ലുവിളികൾ നേരിടുന്നതിൽ ഇന്ത്യൻ നേവിയും റോയൽ ഒമാൻ നേവിയും യോജിച്ച പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്ത്യയുടെ വെസ്റ്റേൺ നേവൽ കമാൻഡിന്റെ കീഴിലെ കപ്പൽ ഒമാൻ സന്ദർശനത്തിനെത്തിയത്.
2021 നവംബറിൽ കമീഷൻ ചെയ്യപ്പെട്ട ഐ.എൻ.എസ് വിശാഖപട്ടണം ഇന്ത്യൻ നേവിയുടെ അഭിമാനകരമായ സംരംഭങ്ങളിലൊന്നാണ്. യുദ്ധങ്ങളിലും മറ്റു സുപ്രധാന സന്ദർഭങ്ങളിലും ഉപയോഗപ്പെടുത്താനാവുന്ന മിസൈൽ പ്രതിരോധസംവിധാനങ്ങളടക്കം ഇതിൽ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയുടെ കപ്പൽ നിർമാണ സ്വയംപര്യാപ്തതയെ പ്രതിനിധാനം ചെയ്യുന്ന ഇത്, മേക് ഇൻ ഇന്ത്യ സംരംഭത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയതാണ്. ഇന്ത്യയുമായി തന്ത്രപ്രധാനമായ പങ്കാളിത്തം സൂക്ഷിക്കുന്ന ഒമാൻ, ഗൾഫ് കോർപറേഷൻ കൗൺസിൽ, അറബ് ലീഗ്, ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ എന്നീ കൂട്ടായ്മകളുടെ പ്രധാന അംഗവുമാണ്.
ഭൂമിശാസ്ത്രപരമായും ചരിത്രപരമായും സാംസ്കാരികമായും പരസ്പരം നൂറ്റാണ്ടുകളുടെ ബന്ധം നിലനിർത്തുന്ന ഇരു രാജ്യങ്ങളും ശക്തമായ ഉഭയകക്ഷിബന്ധമാണ് എല്ലാ മേഖലയിലും സൂക്ഷിക്കുന്നത്. 1955 മുതൽ നയതന്ത്രബന്ധം നിലനിൽക്കുന്ന ഇരു രാജ്യങ്ങളും തമ്മിൽ 2008ലാണ് തന്ത്രപ്രധാന പങ്കാളിത്തം രൂപപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.