മസ്കത്ത്: ഒമാനിൽ സന്ദർശനത്തിനെത്തിയ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്തഹ് അൽ സീസിയുടെ പത്നിയും പ്രഥമ വനിതയുമായ ഇൻതിസാർ അൽസീസി സുൽത്താന്റെ പത്നിയും പ്രഥമ വനിതയുമായ അസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അൽ ബുസൈദിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി.
അൽ ആലം കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ സ്ത്രീകൾക്ക് പൊതുവായ താൽപര്യമുള്ള നിരവധി വിഷയങ്ങൾ അവലോകനം ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ നിലവിലുള്ള മേഖലകൾ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു. ഇരുവരും നാഷനൽ മ്യൂസിയവും സന്ദർശിച്ചു. ഒമാന്റെ സമ്പന്നമായ ചരിത്രം എടുത്തുകാണിക്കുന്ന മ്യൂസിയത്തിലെ പുരാവസ്തുക്കളും സ്മാരകങ്ങളും ഇൻതിസാർ അൽസീസി വീക്ഷിച്ചു.
ഫറവോനിക് കാലഘട്ടത്തിൽ ഈജിപ്തിലേക്ക് കുന്തിരിക്കത്തിന്റെ കയറ്റുമതിയിലൂടെ ആയിരക്കണക്കിന് വർഷങ്ങൾ നീണ്ട ചരിത്രപരമായ ഒമാനി-ഈജിപ്ഷ്യൻ ബന്ധങ്ങൾ ഉയർത്തിക്കാട്ടി മ്യൂസിയത്തിന്റെ പഠനകേന്ദ്രം നടപ്പാക്കിയ വിദ്യാഭ്യാസ പ്രവർത്തനങ്ങളും അവർ ശ്രദ്ധിച്ചു.
സുൽത്താനേറ്റിൽ സന്ദർശനത്തിനെത്തിയ ഇൻതിസാറിനെ റോയൽ എയർപോർട്ടിൽ നേരിട്ടെത്തിയാണ് ഒമാന്റെ പ്രഥമ വനിത വരവേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.