മസ്കത്ത്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രതീക്ഷിച്ച് ജനങ്ങൾ. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലെ കുറവിനൊപ്പം വാക്സിനേഷൻ തോത് വർധിച്ചതും കണക്കിലെടുത്ത് അടുത്ത സുപ്രീം കമ്മിറ്റി യോഗം മുൻകരുതൽ നടപടികൾ പാലിച്ച് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ജനസംഖ്യയിൽ 32 ശതമാനം പേർക്കാണ് രണ്ട് ഡോസ് വാക്സിനും നൽകിയിട്ടുള്ളത്. 13.59 ലക്ഷം പേർ ഒറ്റ ഡോസ് വാക്സിനെടുത്തപ്പോൾ 6.48 ലക്ഷം പേരാണ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചത്. ആഗസ്റ്റിലെ ആദ്യ പത്ത് ദിവസത്തിൽ 2107 പേർ മാത്രമാണ് പുതുതായി രോഗബാധിതരായതും. 12നും 17നുമിടയിൽ പ്രായമുള്ള കുട്ടികൾക്കായുള്ള വാക്സിനേഷനും നടന്നുവരുന്നുണ്ട്.
രോഗബാധിതരുടെ എണ്ണം ഉയർന്നത് കണക്കിലെടുത്ത് ബലിപെരുന്നാൾ ദിവസങ്ങളിൽ രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ജൂലൈ 16 മുതൽ ജൂലൈ 29 വരെ വൈകീട്ട് അഞ്ച് മുതൽ പുലർച്ചെ നാലുവരെ വ്യാപാര സ്ഥാപനങ്ങളുടെ അടച്ചിടലും യാത്രാവിലക്കും പ്രാബല്യത്തിലുണ്ടായിരുന്നു. 29 മുതൽ ലോക്ഡൗൺ രാത്രി പത്ത് മുതൽ പുലർച്ചെ നാലു വരെയാക്കി. രാത്രി ലോക്ഡൗൺ ഇപ്പോഴും തുടർന്ന് വരുകയാണ്. നിയന്ത്രണങ്ങൾ വഴി രോഗവ്യാപനം കുറഞ്ഞതിനൊപ്പം ആശുപത്രികളിലും ഐ.സി.യുവിലും പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
കഴിഞ്ഞ മാർച്ച് ആദ്യം മുതൽ രാജ്യത്ത് ഭാഗിക നിയന്ത്രണങ്ങൾ നിലവിലുണ്ട്. ഇത് വ്യാപാര സ്ഥാപനങ്ങളെ പ്രത്യേകിച്ച് ചെറുകിട-ഇടത്തരം സ്ഥാപനങ്ങളെ ബാധിച്ചിട്ടുണ്ട്. നിലവിൽ മാളുകൾക്കും കടകൾക്കും റസ്റ്റാറന്റുകൾക്കും കഫേകൾക്കും അമ്പത് ശതമാനം ശേഷിയിൽ മാത്രം പ്രവർത്തിക്കാനാണ് അനുമതിയുള്ളത്. ഭക്ഷണശാലകൾക്ക് മുൻകൂർ അനുമതിയോടെ രാത്രി ഹോം ഡെലിവറി നടത്താനും സാധിക്കും. സർക്കാർ സ്ഥാപനങ്ങളിൽ അമ്പത് ശതമാനം ജീവനക്കാർക്ക് മാത്രമാണ് അനുമതിയുള്ളത്. സുപ്രീം കമ്മിറ്റിയുടെ പുതിയ യോഗത്തിൽ ഈ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താനിടയുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇന്ത്യയും പാകിസ്താനുമടക്കം രാജ്യങ്ങളിൽ നിന്നുള്ള യാത്രവിലക്ക് നീക്കുമോയെന്ന കാര്യമാണ് പ്രവാസികൾ ഉറ്റുനോക്കുന്നത്. അവധിക്ക് നാട്ടിൽ പോയ മലയാളികളടക്കം നിരവധി പ്രവാസികളാണ് നാടുകളിൽ കുടുങ്ങിക്കിടക്കുന്നത്. ജീവനക്കാരുടെ കുറവിനെ തുടർന്ന് പല സ്വകാര്യ സ്ഥാപനങ്ങളിലും കാര്യമായ പ്രതിസന്ധി തന്നെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.