മസ്കത്ത്: മസ്കത്തിലെ മലയാളി കൂട്ടായ്മയുടെ ഓണാഘോഷ പരിപാടിയില്‍ തെയ്യക്കോലം കെട്ടിയാടിയത് കൗതുകക്കാഴ്ചയായി. മബേലയിലെ സ്നേഹക്കൂട് കുടുംബ കൂട്ടായ്മയുടെ ഓണാഘോഷ പരിപാടിയിലാണ് വേറിട്ട ദൃശ്യ വിരുന്നൊരുക്കിയത്.
വേഷവിധാനങ്ങളോടും ചമയത്തോടും കൂടെ തെയ്യക്കോലം കെട്ടിയത് തൃശൂര്‍ ഗുരുവായൂര്‍ സ്വദേശി സുബ്രഹ്മണ്യനാണ്. ഇദ്ദേഹം ആദ്യമായിട്ടാണ് തെയ്യക്കോലം കെട്ടുന്നത് .
ഓണാഘോഷത്തിനെത്തിയ കുടുംബങ്ങളെ അമ്പരപ്പിക്കുന്ന പ്രകടനമാണ് തെയ്യക്കോലത്തില്‍ സുബ്രമണ്യന്‍ കാഴ്ചവെച്ചത്. വടക്കന്‍ കേരളത്തില്‍ നില നിന്നുപോരുന്ന അനുഷ്ഠാന കലയെ സുല്‍ത്താനേറ്റിലെ മണ്ണില്‍ അവതരിപ്പിച്ചപ്പോള്‍ പുതു തലമുറക്കും വ്യത്യസ്ത അനുഭവമായി.
ഭഗവതി തെയ്യമാണ് സുബ്രമണ്യന്‍ കെട്ടി ആടിയത്. ആയോധന കലയായ കളരിപ്പയറ്റില്‍ പ്രാവീണ്യമുള്ള സുബ്രഹ്മണ്യന് ആദ്യമായി തെയ്യക്കോലം കെട്ടാന്‍ നറുക്കു വീണപ്പോള്‍ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു.
ചലച്ചിത്ര നടന് ഭീമന് രഘുവാണ് ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തത്. സ്നേഹക്കൂട് കൂട്ടായ്മയുടെ പ്രസിഡന്റ് പോളി തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ വിമോഷ്, ജിബിന്‍ പാറയ്ക്കല്‍, സിജുമോന്‍ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
തെയ്യം കൂടാതെ വിവിധ നാടന്‍ കലാരൂപങ്ങളും ചെണ്ടമേളവും പരിപാടിയുടെ ഭാഗമായി അരങ്ങേറി. സിബി, സലാം, ആസിഫ് അലി, സിനു ചന്ദ്രന്, റഹനാഫ് പുതുവന, സുരേഷ്കുമാര്‍, ഷിനു, സന്തോഷ്, ഫൈസല്‍, സുബ്രമണ്യം, സതീഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.