സുഹാർ: ചക്ക കൃഷിയിൽ മധുരമൂറും വിജയവുമായി ഒമാനിലെ വടക്കൻ ബത്തിന ഗവർണറേറ്റിലെ കർഷകൻ. ചക്കയുടെ ചാകരുമായി സുഹാറിലാണ് തോട്ടമുള്ളത്. സുഹാറിൽനിന്ന് പതിമൂന്ന് കിലോമീറ്റർ മെയിൻ റോഡിലൂടെ ഫലജിലേക്കുള്ള പാതയിൽ ഗഷ്ബ കഴിഞ്ഞാൽ ഉള്ളിലേക്കുള്ള വഴിയിലാണ് ചക്കത്തോട്ടം നിൽക്കുന്നത്. നിരവധി പ്ലാവുകളിൽ വിളഞ്ഞു പാകമായ ചക്കയുമായി അടിമുതൽ മുടിവരെ കായ്ച്ചുനിൽക്കുന്ന തോട്ടം ഏതൊരു സന്ദർശകരെയും അത്ഭുതപ്പെടുത്തും.
കേരളത്തിലെ നാട്ടുംപുറങ്ങളിലെ വീട്ടുവളപ്പിൽ കായ്ച്ചുനിൽക്കുന്നതിനേക്കാൾ കൂടുതൽ ചക്കയുണ്ട് ഇവിടത്തെ കൃഷിയിടത്തിൽ. ചക്കയും, മാങ്ങയും, തേങ്ങയും, വാഴപ്പഴവും, ബപ്ലീസ് നാരങ്ങയും നിറയെയുള്ള തോട്ടത്തിൽ എല്ലാം വിൽക്കപ്പെടുന്നു. പാകമായ ചക്ക കിലോക്ക് 700 ബൈസയാണ് ഈടാക്കുന്നത്.
തൂക്കിത്തന്നെയാണ് വില്പന. വാങ്ങാനും കാണാനും വരുന്നവർക്ക് ചക്കയുടെ വിശേഷണങ്ങൾ പറഞ്ഞുകൊടുക്കും അവിടുത്തെ സൂക്ഷിപ്പുകാർ. ബംഗ്ലാദേശികളുടെ മേൽനോട്ടത്തിൽ നടക്കുന്ന സ്വദേശിയുടെ തോട്ടമാണിത്. വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുവൈഖ് വിലായത്തിലെ ചില ഫാമുകളിൽ ചക്ക വളർത്തുന്നതിൽ കർഷകർ വിജയിച്ചിരുന്നു. അതുപോലെതന്നെ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ചക്ക കായ്ക്കാറുണ്ട്. തെക്കുകിഴക്കൻ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നാണ് വിത്തുകൾ കൊണ്ടുവരുന്നത്. ഗൾഫ് നാടുകളിലെത്തുന്ന ചക്കകൾ കൂടുതലായും എത്തുന്നത് ഇന്ത്യ, ഇന്തോനേഷ്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മലായ് ദ്വീപ് സമൂഹം എന്നിവിടങ്ങളിൽ നിന്നാണ്.
ചക്കയുടെ യഥാർത്ഥ ഭവനം തെക്കുകിഴക്കൻ ഏഷ്യയാണ്. ജമൈക്ക, ടൊബാഗോ തുടങ്ങിയ ഭൂമധ്യരേഖ പ്രദേശങ്ങളിലും ബ്രസീലിലും ഭൂമധ്യരേഖക്ക് സമീപമുള്ള ചില അറബ് രാജ്യങ്ങളിലും വളരുന്നു. ഈർപ്പമുള്ള പ്രദേശങ്ങളിൽ ചക്ക വളരും. വാണിജ്യാടിസ്ഥാനത്തിൽ ചക്കക്ക് നല്ല മാർക്കറ്റാണ്. ഡിമാന്റ് വർധിച്ചതോടെ ചക്കകൃഷി വരുമാനമുള്ള മേഖലയായി മാറി.
ചക്ക പുഴുക്ക് രൂപത്തിലോ നാടൻ വിഭവങ്ങളിൽ ചേർത്തു കഴിക്കുന്നതോ പ്രമേഹം കുറക്കുമെന്ന് ചില ഗവേഷണ ഫലങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ ഒരു വർഷം 30 കോടി മുതൽ 60 കോടി വരെ ചക്ക ഉൽപാദിപ്പിക്കുന്നുണ്ട്. എന്നാൽ ഇതിൽ മലയാളികളുടെ ചക്ക ഉപയോഗം വളരെ കുറച്ചു മാത്രമാണ്. പ്രധാനമായും രണ്ടു തരത്തിലുള്ള ചക്കകളുണ്ട് -വരിക്ക ചക്ക, പഴം ചക്ക. വരിക്ക ചക്കയിൽ തേൻവരിക്ക, മുട്ടം വരിക്ക, സിന്ദൂര വരിക്ക എന്നിങ്ങനെ പല ഇനങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.